Deshabhimani

‘ഉദയ’വെളിച്ചത്തിൽ 
തെരുവിൽനിന്ന്‌ 2030 പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 03:41 AM | 0 min read

കോഴിക്കോട്‌
ആരോരുമില്ലാതെ തെരുവിലും വഴിയോരങ്ങളിലും കഴിഞ്ഞിരുന്ന 2030 പേർക്ക്‌ പുതുജീവിതം നൽകി ‘ഉദയം.’ കോവിഡ്‌ കാലത്ത്‌ തെരുവിലുള്ളവരെ പുനരധിവസിപ്പിക്കാൻ ജില്ലാ ഭരണവിഭാഗം ആരംഭിച്ച ഉദയം പദ്ധതി നിരാലംബരുടെ ആശ്രയവും പ്രതീക്ഷയുമായി അഞ്ചാം വർഷത്തിലേക്ക്‌. പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്‌ തദ്ദേശ ഭരണ വകുപ്പ്‌. 
തെരുവിലോ ആശുപത്രികളിലോ മറ്റ്‌ കേന്ദ്രങ്ങളിലോ ഒറ്റപ്പെട്ട്‌ കഴിഞ്ഞവർക്ക്‌ പ്രാഥമിക സേവനങ്ങൾ നൽകി മുഖ്യധാരയിലേക്ക്‌ ഉയർത്തുകയാണ്‌ "ഉദയം' ലക്ഷ്യമിടുന്നത്‌. ഇതിനകം 190 പേരെ വീടുകളിൽ എത്തിക്കാനായി. 274 പേർക്ക്‌ തൊഴിൽ നൽകി കുടുംബങ്ങളിലേക്കയച്ചു. 155 പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടുകളും 443 പേർക്ക്‌ ആധാർ, വോട്ടർ ഐഡി, ഹെൽത്ത്‌ കാർഡ്‌, യുഡിഐഡി എന്നിവയും നൽകി. സംരംഭത്തിനായി ആറുപേർക്ക്‌ പിഎം സ്വനിധി വായ്‌പയും ലഭ്യമാക്കി.   
2020 മാർച്ച്‌ 24നാണ്‌ ‘ഉദയം’ ആരംഭിച്ചത്‌. പൊലീസ്‌ സഹായത്തോടെ തെരുവിലുള്ളവരെ കണ്ടെത്തി ലോക്‌ഡൗണിൽ അടച്ചിട്ട സ്‌കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലായിരുന്നു താമസിപ്പിച്ചത്‌. പിന്നീട്‌ മാങ്കാവിൽ കെട്ടിടം വാടകയ്‌ക്ക്‌ എടുത്തു. കോവിഡിന്‌ ശേഷം വെള്ളിമാടുകുന്ന്‌, ചേവായൂർ, വെസ്‌റ്റ്‌ഹിൽ എന്നിവിടങ്ങളിലെ സർക്കാർ കെട്ടിടങ്ങൾ നവീകരിച്ച്‌ താമസ സൗകര്യമൊരുക്കി. 
മൂന്നിടങ്ങളിലായി 242 പേർക്ക്‌ താമസിക്കാം. 19 മുതൽ 90 വയസ്സ്‌ വരെയുള്ള 180 അന്തേവാസികളാണുള്ളത്‌. ഇവർക്ക്‌ സഹായങ്ങൾ ചെയ്‌ത്‌ വീടുകളിലേക്ക്‌ തിരിച്ചയക്കുകയോ ഉചിതമായ സ്ഥാപനങ്ങളിലേക്ക്‌ മാറ്റുകയോ ചെയ്യുന്ന താൽക്കാലിക സംവിധാനമായാണ്‌ പ്രവർത്തനം.
‘ഉദയ’ത്തിന് വേണം 
സഹായം
ഉദയം ചാരിറ്റബിൾ സൊസൈറ്റിക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന ഉദയം ഹോമുകളുടെ പ്രവർത്തനത്തിന്‌ മാസം നല്ല തുക ആവശ്യമുണ്ട്‌. വസ്‌ത്രം, ഭക്ഷണം, മറ്റ്‌ സേവനങ്ങൾ എന്നിവയ്‌ക്ക്‌ പൊതുജനങ്ങളിൽനിന്നുള്ള സാമ്പത്തിക സഹായമാണ്‌ പ്രധാന വരുമാനം. നേരത്തെ തൊഴിൽ പരിശീലിപ്പിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രയാസത്തിൽ നിർത്തേണ്ടി വന്നു. സാമൂഹിക നീതി വകുപ്പ്‌ ദുർബല ജനവിഭാഗങ്ങൾക്ക്‌ നൽകുന്ന ഗ്രാന്റിനായി അപേക്ഷിച്ചെങ്കിലും ലഭിച്ചിട്ടില്ല. 
സഹായങ്ങൾ അയക്കേണ്ട വിലാസം: കാനറ ബാങ്ക്‌, മലാപ്പറമ്പ്‌ ബ്രാഞ്ച്‌, അക്കൗണ്ട്‌ നമ്പർ: 44152010012817, ഐഎഫ്‌എസി: CNRB0014415, യുപിഐഡി: 261377082012817@cnrb
ഭിക്ഷാടനം കണ്ടാൽ, 
വിളിക്കാം 9207391138ലേക്ക്‌
ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കാനായി കേന്ദ്രം ആവിഷ്‌കരിച്ച സ്‌മൈൽ (സപ്പോർട്ട്‌ ഫോർ മാർജിനലൈസ്‌ഡ്‌ ഇൻഡിവിജ്വൽസ്‌ ഫോർ ലൈവ്‌ലി ഹുഡ്‌ ആൻഡ്‌ എന്റർപ്രൈസസ്‌) ഉദയം പദ്ധതിയുമായി ചേർന്നാണ്‌ നടപ്പാക്കുന്നത്‌. ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക്‌ 9207391138 എന്ന നമ്പറിലേക്ക്‌ കൈമാറാം.

 



deshabhimani section

Related News

0 comments
Sort by

Home