29 January Saturday
സിറ്റി ഗ്യാസ്‌ പദ്ധതി

രണ്ടാം ഘട്ട നിർമാണം അടുത്തയാഴ്‌ച

സ്വന്തം ലേഖികUpdated: Sunday Dec 5, 2021

എരഞ്ഞിപ്പാലത്തെ ജെ കെ ഫ്യുവൽസിൽ പ്രകൃതി വാതക 
വിതരണോദ്‌ഘാടനം കെ എം ഡിനൂജ്‌ നിർവഹിക്കുന്നു

കോഴിക്കോട്‌
പൈപ്പ്‌ലൈൻവഴി ജില്ലയിൽ കുറഞ്ഞ ചെലവിൽ പ്രകൃതി വാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ്‌ പദ്ധതിയുടെ രണ്ടാം ഘട്ട നിർമാണം അടുത്തയാഴ്‌ച ആരംഭിക്കും. കോർപറേഷൻ ഉൾപ്പെടുന്ന മേഖലയിൽ ഏകദേശം 55 കിലോമീറ്ററാണ്‌ പൈപ്പ്‌ലൈനിടുക. കുന്നമംഗലം മുതൽ കോർപറേഷൻ വരെയുള്ള വിവിധ ഭാഗങ്ങളെ പാചക വാതക പൈപ്പ്‌ലൈനുമായി ബന്ധിപ്പിക്കും.  
ഒന്നാം ഘട്ടത്തിലെ ഉണ്ണികുളം മുതൽ കുന്നമംഗലം വരെയുള്ള ഗ്യാസ് വിതരണത്തിനായി എട്ടിഞ്ചുള്ള പ്രധാന സ്റ്റീൽ ഹൈ പ്രഷർ പൈപ്പ് ലൈൻ പുർത്തീകരിച്ചു . പൈപ്പ്‌ലൈനിൽ വാൽവിടൽ നടക്കുകയാണിപ്പോൾ. കൊച്ചി –- മംഗളൂരു ഗെയിൽ വാതക പൈപ്പ്‌ ലൈനിൽനിന്നാണ്‌ പ്രകൃതി വാതകം ജില്ലയിൽ എത്തിക്കുന്നുന്നത്‌. വാഹനങ്ങളിലേക്കും വീടുകളിലേക്കും പ്രകൃതി വാതകം വിതരണംചെയ്യുന്നതിനായി പെട്രോളിയം ആൻഡ്‌ നാച്വറൽ ഗ്യാസ്‌ റഗുലേറ്ററി ബോർഡ്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിനെയാണ്‌.
ഏഴ്‌ സിഎൻജി പമ്പുകളിൽ പ്രകൃതിവാതകം സജ്ജം
ജില്ലയിൽ ഏഴ്‌ സിഎൻജി പമ്പുകളിൽ പ്രകൃതിവാതക വിതരണം തുടങ്ങി. എരഞ്ഞിപ്പാലത്തെ ജെ കെ ഫ്യുവൽസിലാണ്‌ ഒടുവിൽ വിതരണം ആരംഭിച്ചത്‌. പദ്ധതിയുടെ ഉദ്‌ഘാടനം കോഴിക്കോട്‌ ഡിവിഷണൽ ഹെഡ്‌ കെ എം ഡിനൂജ്‌ നിർവഹിച്ചു.
നടക്കാവ്‌, ചേമഞ്ചേരി, ഉള്ള്യേരി, പറമ്പിൽ ബസാർ, അടിവാരം, കുറ്റ്യാടി എന്നിവിടങ്ങളിലും പ്രകൃതി വാതക വിതരണം ആരംഭിച്ചിട്ടുണ്ട്‌. ഈങ്ങാപ്പുഴ, പയ്യോളി, കക്കട്ടിൽ, പാളയം എന്നിവിടങ്ങളിലെ പമ്പുകളിൽ സിഎൻജി വിതരണത്തിനായുള്ള പ്രവർത്തനം ദ്രുതഗതിയിൽ മുന്നേറുന്നു.  
വീടുകളിലേക്ക്‌ 
പ്രകൃതി വാതകം: 
13.5 കിലോമീറ്റർ പൈപ്പിട്ടു
സിറ്റി ഗ്യാസ്‌ സ്‌റ്റേഷനിൽ (സിജിഎസ്‌) നിന്ന്‌ വീടുകളിലേക്ക്‌ പൈപ്പ്‌ഡ്‌ നാച്വറൽ ഗ്യാസ്‌ (പിഎൻജി) പാചക വാതകം എത്തിക്കുന്ന എംഡിപിഇ പൈപ്പ്‌ലൈനിന്റെ നിർമാണം 13.5 കിലോമീറ്റർ പൂർത്തീകരിച്ചു. സിറ്റി ഗ്യാസ്‌ സ്‌റ്റേഷനുള്ള ഉണ്ണികുളം പഞ്ചായത്തിലെ 500 കുടുംബങ്ങളെയാണ്‌ ആദ്യഘട്ടത്തിൽ  ഉൾപ്പെടുത്തിയത്‌. ഈ വീടുകൾക്ക്‌ മുന്നിലൂടെ പൈപ്പ്‌ലൈനിട്ടു. പ്ലാന്റ്‌ നിർമാണം മാർച്ചിൽ കമീഷൻ ചെയ്‌താൽ വീടുകളിലേക്ക്‌ പാചക വാതകം എത്തിക്കാനാകും. ഘട്ടം ഘട്ടമായി ഉണ്ണികുളം, ബാലുശേരി, പനങ്ങാട്‌ പഞ്ചായത്തുകളിലെ വീടുകൾ പദ്ധതിയുടെ ഭാഗമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top