18 January Tuesday

നേതൃത്വത്തെ മാറ്റി
സമസ്‌ത പിടിക്കാൻ ലീഗ്‌

പി വി ജീജോUpdated: Sunday Dec 5, 2021
കോഴിക്കോട്‌ 
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയെ ഭിന്നിപ്പിക്കാൻ മുസ്ലിംലീഗ്‌ നീക്കം. ഒരുവിഭാഗം നേതാക്കളെ ഉപയോഗിച്ച്‌ ഇ കെ വിഭാഗം സുന്നി സംഘടനയിൽ വിഭാഗീയത വളർത്താനാണ്‌ ശ്രമം. സമസ്‌തയുടെ നേതൃത്വത്തിൽനിന്ന്‌ ജിഫ്രി മുത്തുക്കോയ തങ്ങളെ നീക്കുക എന്ന അജൻഡയും  ലീഗിനുണ്ട്‌. കമ്യൂണിസ്‌റ്റുകാരിലും  ഇടതുപക്ഷ സർക്കാരിലും വിശ്വാസമുള്ളവർ സമസ്‌തയെ നയിക്കണോ എന്നാണ്‌ ലീഗ്‌ നേതാക്കളുടെ ചോദ്യം. സമസ്‌ത ജനറൽ സെക്രട്ടറി ടി കെ ആലിക്കുട്ടി മുസ്ല്യാരോടും ലീഗിന്‌ താൽപ്പര്യമില്ല.
  സമസ്‌തയിലെ ചില രണ്ടാംനിര നേതാക്കളെ ഉപയോഗിച്ച്‌ ജിഫ്രി തങ്ങളെ അപ്രസക്തനാക്കുക എന്ന തന്ത്രമാണ്‌ പ്രയോഗിക്കുന്നത്‌. സമസ്‌ത മുശാവറ (പണ്ഡിതസഭ)അംഗം ബഹാവുദ്ദീൻ നദ്‌വി, അബ്ദുസമദ്‌ പൂക്കോട്ടൂർ എന്നിവരിലൂടെ അജൻഡ നടപ്പാക്കാനാണ്‌ ലീഗിന്റെ ആലോചന. വഖഫ്‌ വിഷയത്തിൽ ന്യൂനപക്ഷ കോ ഓർഡിനേഷനിൽ സമസ്‌ത പ്രതിനിധിയായി ലീഗ്‌ വിളിച്ചിരുന്നത്‌ ബഹാവുദ്ദീൻ നദ്‌വിയെയായിരുന്നു. ജിഫ്രി തങ്ങളുടെയും ആലിക്കുട്ടി മുസ്ല്യാരുടെയും അഭിപ്രായം പരിഗണിച്ചതേയില്ല. ജമാഅത്തെ ഇസ്ലാമി ബന്ധത്തിലുള്ള എതിർപ്പായിരുന്നു അകൽച്ചക്കുള്ള തുടക്കം. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിൽ എൽഡിഎഫ്‌ സർക്കാരിനൊപ്പം നിലകൊണ്ടതോടെ ഭിന്നത രൂക്ഷമായി. 
സർക്കാരുമായുള്ള ചർച്ചക്ക്‌ ലീഗ്‌ ഇടനിലക്കാരാവുന്ന രീതി പൊളിഞ്ഞതും നേതാക്കളെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരുമായി സമസ്‌ത നേരിട്ട്‌ ചർച്ചകളും കൂടിക്കാഴ്‌ചകളും നടത്തുന്നതും ലീഗിന്‌ സ്വീകാര്യമായിരുന്നില്ല. ഹൈദരലി ശിഹാബ്‌തങ്ങൾ പ്രസിഡന്റ്‌ പദമൊഴിഞ്ഞതോടെ സമസ്‌തയിൽ നിയന്ത്രണം നഷ്‌ടമായി എന്ന വികാരമാണ്‌ നേതാക്കൾക്ക്‌. ജിഫ്രി തങ്ങളും യുവസംഘവുമാണ്‌ സമസ്‌തയെ നയിക്കുന്നത്‌, ഇവർ ലീഗുകാരല്ല എന്ന പരാതിയും കുറച്ചുകാലമായുണ്ട്‌. 
   അതേസമയം സുന്നി പ്രസ്ഥാനത്തെ വോട്ടുബാങ്കായി മാത്രം കണ്ട്‌ വഞ്ചിക്കുകയാണ്‌ ലീഗ്‌ നേതൃത്വമെന്ന ചിന്ത സമസ്‌തയിൽ ശക്തമാണ്‌. വഹാബികളുടെ (മുജാഹിദ്ദീനുകൾ) താൽപ്പര്യമാണ്‌ ലീഗിനെ നയിക്കുന്നതെന്ന വിമർശവുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top