Deshabhimani

ജലജീവൻ ‘കുഴി’യിൽ റോഡുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 02:06 AM | 0 min read

 
കോഴിക്കോട്‌
ജലജീവൻ മിഷൻ പദ്ധതിയിൽ കുടിവെള്ള പൈപ്പ്‌ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകൾ മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള കണക്കനുസരിച്ച്‌ പഞ്ചായത്ത്‌, -മുനിസിപ്പാലിറ്റികളിലായി 4272 റോഡാണ്‌ അറ്റകുറ്റപ്പണി നടത്താനുള്ളത്‌. ഫണ്ട്‌ ലഭ്യതയിലെ കാലതാമസത്താലാണ്‌ അറ്റകുറ്റപ്പണി വൈകുന്നതെന്നാണ്‌  അധികൃതർ പറയുന്നത്‌. 
കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ ഫണ്ടും ഗുണഭോക്തൃ വിഹിതവും ഉപയോഗിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള ഗുണഭോക്തൃ വിഹിതം സമയബന്ധിതമായി കിട്ടാത്തതും പ്രതിസന്ധിയാണ്‌. 2020ലാണ്‌ ജലജീവൻ മിഷൻ ആദ്യഘട്ടം നടപ്പാക്കിയത്‌. ഈ കരാർ അനുസരിച്ച്‌ വെട്ടിപ്പൊളിക്കുന്ന റോഡുകൾ അതത്‌ തദ്ദേശ സ്ഥാപനങ്ങളായിരുന്നു അറ്റകുറ്റപ്പണി നടത്തേണ്ടത്‌. എന്നാൽ 2022, 2023 വർഷങ്ങളിൽ ആരംഭിച്ച രണ്ട്‌, മൂന്ന്‌ ഘട്ടങ്ങൾ മുതലാണ്‌ റോഡ്‌ അറ്റകുറ്റപ്പണി ചുമതല ജല അതോറിറ്റിക്ക്‌ നൽകിയത്‌. അത്തോളി പഞ്ചായത്തിൽ മാത്രം 186 റോഡാണ്‌ പൊളിഞ്ഞുകിടക്കുന്നത്‌. അരിക്കുളം 113, അഴിയൂർ 79 എന്നിങ്ങനെയും. 
ഫണ്ട്‌ ലഭ്യത അനുസരിച്ച്‌ ചിലയിടങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും ചെയ്യാനുള്ള മൊത്തം റോഡുകളുടെ എണ്ണം നോക്കുമ്പോൾ ഇത്‌ നാമമാത്രമാണ്‌. വാഹന ഗതാഗതം തടസ്സപ്പെടുന്നതിനാൽ പ്രാദേശിക തലത്തിൽ വലിയ പരാതിയാണ്‌  ഉയരുന്നത്‌. തുടർന്നാണ്‌ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽനിന്ന്‌ വാർഡ്‌ തലത്തിൽ റോഡുകളുടെ കണക്കെടുത്ത്‌ തദ്ദേശ വകുപ്പ്‌ ജലജീവൻ മിഷന്‌ കൈമാറിയത്‌. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലും ജനപ്രതിനിധികൾ റോഡ്‌ നന്നാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home