02 October Monday

ഹരിത നേതാവിനെ അപമാനിക്കൽ, 
മൊഴി പുറത്ത്‌

സ്വന്തം ലേഖകൻUpdated: Friday Aug 5, 2022
 
കോഴിക്കോട്‌
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്‌ അപമാനിച്ചുവെന്ന  ഹരിത നേതാവിന്റെ മൊഴി പുറത്തായി.  ഹരിത മുൻ ജനറൽ സെക്രട്ടറി  നജ്മ തബ്ഷിറയാണ്‌ പൊലീസിന്‌ മൊഴി നൽകിയത്‌. നവാസിനെതിരെ മുൻ ഹരിത നേതാക്കൾ  ഉയർത്തിയ ആരോപണം ശരിവയ്‌ക്കുന്നതാണ് പൊലീസിനും കോടതിക്കും നൽകിയ മൊഴികൾ.   
2021 ജൂൺ 24ന് കോഴിക്കോട് ഹബീബ് സെന്ററിൽ നടന്ന  യോഗത്തിലാണ് പി കെ നവാസ് അധിക്ഷേപ പരാമർശം നടത്തിയതെന്ന് നജ്മ തബ്ഷിറ നൽകിയ മൊഴിയിൽ പറയുന്നു. വേശ്യക്കും അവരുടെതായ വിശദീകരണം ഉണ്ടാവുമെന്ന് പറഞ്ഞാണ് നവാസ് തന്നെ പ്രസംഗിക്കാൻ ക്ഷണിച്ചത്. പരാമർശം മോശമായിപ്പോയെന്ന്  പ്രതികരിച്ചു.  ഹരിതയെ നിയന്ത്രിക്കുന്നത് യാസർ എടപ്പാളെന്ന വ്യക്തിയാണെന്നും  അയാളുടെ കൈയിൽ പെൺകുട്ടികളുടെ വീഡിയോ ഉണ്ടെന്നും നവാസ് പറഞ്ഞു. ഇതേ തുടർന്ന് ബഹളത്തോടെയാണ് യോഗം അവസാനിച്ചത്. യോഗം കഴിഞ്ഞ ഉടൻ ഹരിത പ്രസിഡന്റ്‌ മുഫീദ തസ്‌നിയെയും മറ്റു നേതാക്കളെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പിറ്റേ ദിവസം ലീഗ് സംസ്ഥാന കമ്മിറ്റിക്ക്  പരാതിനൽകിയിരുന്നുവെന്നും നജ്മ മൊഴിയിൽ പറയുന്നു.
പരാതി ലഭിച്ചതോടെ ജുലൈ അഞ്ചിന് പി കെ നവാസിനെയും ഹരിത നേതാക്കളെയും ഹബീബ് സെന്ററിലേക്ക് വിളിപ്പിച്ചിരുന്നുവെന്ന് എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ്‌ ഫാത്തിമ തഹ്ലിയ പൊലീസിന് നൽകിയ മൊഴിയിലുണ്ട്‌.  നജ്മക്കെതിരെ മോശം പരാമർശം നടത്തിയതായി അന്ന്‌ നവാസ് സമ്മതിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജുലൈ 12ന് ലീഗ് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിരുന്നുവെന്നും ഫാത്തിമ തഹ്ലിയയുടെ മൊഴിയിലുണ്ട്‌. 
മൊഴിയുടെ അടിസ്ഥാനത്തിൽ പി കെ നവാസിനെതിരെ സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപത്തിന്‌   എടുത്ത കേസിൽ കോടതി നടപടി പുരോഗമിക്കുകയാണ്. ഇതേ കേസിൽ നവാസിനെതിരെ മൊഴി നൽകിയതിനാണ് എംഎസ്എഫ് പ്രസിഡന്റായിരുന്ന ലത്തീഫ് തുറയൂറിനെ പാർടിയിൽനിന്ന് പുറത്താക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top