22 September Tuesday
മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

ആദ്യ ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ വടകരയില്‍

സ്വന്തം ലേഖകൻUpdated: Wednesday Aug 5, 2020
വടകര
സംസ്ഥാനത്തെ ആദ്യ ഗ്രീൻ ടെക്‌നോളജി സെന്റർ വടകരയിൽ ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ജെടി റോഡിൽ നഗരസഭയുടെ കെട്ടിടത്തിലാണ് ഗ്രീൻ ടെക്‌നോളജി സെന്റർ ആരംഭിക്കുക.  
വടകര നഗരസഭയെ സുസ്ഥിരവികസന പ്രക്രിയയിലൂടെ കാർബൺ ന്യൂട്രൽ നഗരസഭയാക്കി മാറ്റാൻ ഉതകുന്ന രീതിയിൽ അഞ്ച്‌ മേഖലകളിൽ ഇടപെടാനുള്ള പരിശീലനം, സർവീസ്, ടെക്‌നോളജി കൈമാറ്റങ്ങൾ എന്നിവക്കുള്ള കേന്ദ്രമായാണ് ഇത് പ്രവർത്തിക്കുക.
മഴവെള്ള സംരക്ഷണം, കിണർ റീചാർജിങ്, ജലപരിശോധന തുടങ്ങിയവക്കുള്ള വാട്ടർ ക്ലിനിക്, കൃഷിചെയ്തുകൊടുക്കാനും കൃഷി ഉപകരണങ്ങൾ വാടകക്ക് നൽകാനും കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരിഹാരത്തിനുമായി അഗ്രി ക്ലിനിക്, ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് എനർജി ഓഡിറ്റിങ്‌, പരിസ്ഥിതി സൗഹൃദ ഊർജ ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും സർവീസ് നടത്തുകയും ചെയ്യുന്ന എനർജി ക്ലിനിക്, പാഴ് വസ്ത്രങ്ങളും മറ്റുൽപ്പന്നങ്ങളും റിപ്പയർ ചെയ്ത് പുനരുപയോഗിക്കാൻ അപ്‌സൈക്ലിങ് ക്ലിനിക്, വിവിധ മാലിന്യസംസ്‌കരണ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന വേസ്റ്റ് മാനേജ്‌മെന്റ് ക്ലിനിക് എന്നിവയുമുണ്ടാകും.  
നഗരസഭയുടെ മേൽനോട്ടത്തിൽ ഹരിയാലി ഹരിതകർമസേനക്കാണ് നടത്തിപ്പ് ചുമതല. ഈ മേഖലകളിൽ ആവശ്യമായ പരിശീലനം നൽകുന്നതിനുള്ള ഒരു സെന്ററായും കേന്ദ്രം പ്രവർത്തിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ ശ്രീധരൻ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top