11 August Tuesday

പുരസ്‌കാര നിറവിൽ ചക്കിട്ടപാറ വനിതാ സംഘം

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
പേരാമ്പ്ര
പ്രവർത്തന മികവിനുള്ള സംസ്ഥാന പുരസ്‌കാരം തുടർച്ചയായി രണ്ടാം വർഷവും ചക്കിട്ടപാറ വനിതാ സഹകരണ സംഘത്തിന്‌. 2019ൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് സഹകരണ വകുപ്പ് ഏർപ്പെടുത്തിയ വനിതാ സഹകരണ സംഘത്തിനുള്ള പുരസ്‌കാരത്തിനാണ് ഇത്തവണയും അർഹമായത്.   തിരുവനന്തപുരത്തെ നെല്ലിമൂട് വനിതാ സഹകരണ സംഘമാണ്‌ ഒന്നാമത്‌.   മലപ്പുറത്തെ പത്തപ്പിരിയം വനിതാ സഹകരണ സംഘം മൂന്നാമതുമെത്തി. 2018 ലും ഈ പുരസ്‌കാരം ലഭിച്ചു.
  2011 ൽ 195 മെമ്പർമാരും 65 ലക്ഷം രൂപ പ്രവർത്തന മൂലധനവുമായി ആരംഭിച്ച ചക്കിട്ടപാറ വനിതാ സഹകരണ സംഘം ഒമ്പതുവർഷം പിന്നിട്ടുമ്പോൾ 4240 മെമ്പർമാരും 31 കോടി രൂപയുടെ പ്രവർത്തന മൂലധനവുമായി മുന്നേറുകയാണ്.  
അംഗങ്ങളായ വനിതകൾക്ക് 10 ലക്ഷം രൂപ വരെ നൽകുന്ന വായ്പാ പദ്ധതികളുണ്ട്. സ്ത്രീകളുടെ ടെയ്‌ലറിങ് യൂണിറ്റ്, ആയുർവേദ നഴ്സറി,  ബയോഗ്യാസ് പ്ലാന്റുകൾ, ഗൃഹോപകരണ വായ്പ, മെഡിക്കൽ ക്യാമ്പുകൾ, സൗജന്യ മരുന്നുവിതരണം, വനിതകൾക്കായി യോഗ പരിശീലനം, പെൺകുട്ടികൾക്ക് ഡ്രൈവിങ് പരിശീലനം, ജൈവ പച്ചക്കറി തോട്ടം, നിർധന കുട്ടികൾക്ക് പഠനോപകരണങ്ങൾ, ക്യാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം, പെയിൻ ആൻഡ്‌ പാലിയേറ്റീവ് സെന്ററുകൾക്ക് സാമ്പത്തിക സഹായം എന്നിവ നടപ്പാക്കുന്നു. 
കോവിഡ്‌ അതിജീവനത്തിനായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്   5,17,300 രൂപ നൽകി.  കുടുംബശ്രീകൾക്കുള്ള വായ്പാ പദ്ധതിയും കുടുംബശ്രീക്കുള്ള മുറ്റത്തെ മുല്ല പദ്ധതിയും നടപ്പാക്കി. 
 സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശായിക്കിടന്ന അഞ്ച് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചത്‌ അടുത്തിടെയാണ്‌. കപ്പ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് എന്നിവയാണ് കൃഷി.  ഒന്നര കോടി രൂപ ചെലവിൽ സംഘത്തിനായി നിർമിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണെന്ന്  പ്രസിഡന്റ്‌ ത്രേസ്യാമ്മ ജോർജും സെക്രട്ടറി ഷാലി ജോസഫും പറഞ്ഞു. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top