14 May Friday

സമ്പൂർണ തോൽവി കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

സ്വന്തം ലേഖകന്‍Updated: Wednesday May 5, 2021
കോഴിക്കോട്‌
 നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിനുണ്ടായ സമ്പൂർണ തോൽവിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രവർത്തകർ. ഫേസ്‌ ബുക്കടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ്‌ പരിഹാസത്തോടെയുള്ള വിമർശനം.
    ‘ആത്മാർഥതയുള്ള നേതാക്കളെയും പ്രവർത്തകരെയും ഈ പാർടിക്ക്‌ ആവശ്യമില്ല. കച്ചവടക്കാർക്കും മറ്റ്‌ ആളുകൾക്കും പാർടിയിൽ സ്ഥാനമുണ്ട്‌. ഒന്നിനും പറ്റാത്ത കുറെ ഭാരവാഹികൾ. ഇനിയും നേതൃത്വത്തിന്‌ പഠിക്കാൻ ആയില്ലെങ്കിൽ കൊടിപിടിക്കാൻ ഞങ്ങളുണ്ടാവില്ല’... ഇങ്ങനെ പോകുന്നു വിമർശനങ്ങൾ. 
  തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച്‌ അവലോകനം നടത്താതിരുന്നതാണ്‌ സമ്പൂർണ പരാജയം വിളിച്ചുവരുത്തിയതെന്ന്‌ ഒരുവിഭാഗം ആരോപിച്ചു. പണം വാങ്ങിയാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥികളെ നിശ്ചയിച്ചത്‌. യോഗ്യരായവരെ പരിഗണിച്ചില്ല. സ്ഥാനാർഥികളിൽനിന്നും അല്ലാതെയും  ജില്ലയിലെ കെപിസിസി ഭാരവാഹികൾ വൻതോതിൽ പണപ്പിരിവ്‌ നടത്തിയതായും ആരോപണമുണ്ട്‌. ഈ പണമടക്കമാണ്‌  നേതാക്കൾ മത്സരിച്ചയിടങ്ങളിൽ വാരിവിതറിയത്‌. കൊയിലാണ്ടിയിൽ ഓരോ ബൂത്ത്‌ കമ്മിറ്റിക്കും 27,000 രൂപയും ജമാഅത്തെ ഇസ്ലാമി–- എസ്‌ഡിപിഐ–- ബിജെപി പ്രവർത്തകർക്ക്‌ 12,000 രൂപ വീതവും നൽകിയെന്നും ഒരുവിഭാഗം കുറ്റപ്പെടുത്തി. കൊയിലാണ്ടിയടക്കമുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ്‌ ചെലവഴിച്ച പണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ പ്രവർത്തകർ ആവശ്യപ്പെട്ടു.
    ഡിസിസി നേതൃത്വവും  ജില്ലയിലെ കെപിസിസി ഭാരവാഹികളും സ്ഥാനമൊഴിയണമെന്നാണ്‌ വിവിധ ബൂത്ത്‌–- മണ്ഡലം കമ്മിറ്റികളുടെ ആവശ്യം. വർഗീയ ശക്തികളുമായി ചേർന്ന്‌ വോട്ട്‌ കച്ചവടം നടത്തിയത്‌ യുഡിഎഫിന്റെ വിശ്വാസ്യതക്ക്‌ മങ്ങലേൽപ്പിച്ചു. ഇതിനുത്തരവാദികൾ നേതൃത്വത്തിലുള്ളവരാണ്‌.  അതിനാലാണ്‌ രാജിയാവശ്യം ശക്തിപ്പെട്ടത്‌. വരുംദിവസങ്ങളിൽ പരസ്യ പ്രതികരണത്തിനിറങ്ങാനാണ്‌ ഒരുവിഭാഗത്തിന്റെ തീരുമാനം. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top