24 January Friday

കുട്ടികളിറങ്ങി, സ്‌കൂളും അങ്കണവാടിയും അടിപൊളി

സ്വന്തം ലേഖികUpdated: Wednesday Dec 4, 2019

 

കോഴിക്കോട്‌
പൊട്ടിയ ബെഞ്ചും ചോരുന്ന മേൽക്കൂരയും നിറങ്ങളില്ലാതെ മങ്ങിയ ചുമരുമുള്ള അങ്കണവാടികളിലും സ്‌കൂളിലും കുഞ്ഞുങ്ങളെ കണ്ടപ്പോൾ ചേട്ടന്മാർക്കും ചേച്ചിമാർക്കും തെല്ല് വിഷമം വന്നു. 
ഡോറയും മിക്കിമൗസും ചിരിക്കുന്ന വർണമതിലുകൾ കണ്ടും ആസ്വദിച്ചുമുള്ള കുഞ്ഞുസന്തോഷങ്ങൾക്കായി അവർ കൈകോർത്തതോടെ രണ്ട്‌ മാസത്തിനുള്ളിൽ ജില്ലയിലെ 25 അങ്കണവാടികളും മൂന്ന്‌ പ്രൈമറി വിദ്യാലയങ്ങളും അടിപൊളിയായി. ശോച്യാവസ്ഥയിലുള്ള അങ്കണവാടികളും സ്‌കൂളുകളും നവീകരിക്കാനായി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്‌എസ്‌ ആവിഷ്‌കരിച്ച ‘ശ്രേഷ്‌ഠ ബാല്യം’ പദ്ധതിയിലൂടെയാണ്‌ ഇത്‌ സാധ്യമാക്കിയത്‌. ഓരോ യൂണിറ്റും ഒരു അങ്കണവാടിയേയോ പ്രൈമറി സ്‌കൂളിനേയോ തെരഞ്ഞെടുത്ത്‌  ആവശ്യമായ സൗകര്യങ്ങൾ നടപ്പാക്കി മുഖ്യധാരയിലേക്ക്‌ ഉയർത്തിക്കൊണ്ടുവരാനാണ്‌ പദ്ധതി തുടങ്ങിയത്‌. സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിലായായാണ്‌ വിഎച്ച്‌എസ്‌ഇ വിദ്യാർഥികൾ ഇതിന്റെ പ്രവർത്തനം നടത്തിയത്.
ജില്ലയിൽ മൊത്തം 10 ലക്ഷം രൂപയുടെ നവീകരണം പൂർത്തിയാക്കി. നാട്ടുകാരിൽനിന്ന്‌ പിരിച്ചും സ്‌പോൺസർമാരെ കണ്ടെത്തിയുമാണ്‌ പണം സമാഹരിച്ചത്‌.  ജില്ലയിലെ 28 വിഎച്ച്‌എസ്‌ഇ എൻഎസ്‌എസ്‌ യൂണിറ്റുകൾ നവീകരിക്കേണ്ട സ്ഥാപനങ്ങൾ കണ്ടെത്തി പ്രാദേശിക കമ്മിറ്റികൾ രൂപീകരിച്ചു. രക്ഷിതാക്കളെയും പ്രധാന വ്യക്തികളെയും അംഗങ്ങളാക്കി ചെയ്യേണ്ട കാര്യങ്ങൾക്കും പണസമാഹരണത്തിനും രൂപരേഖയുണ്ടാക്കി. 
നടക്കാവ്‌ ജിജിവിഎച്ച്‌എസ്‌എസ്‌, ജെഡിടി ഇസ്ലാം വിഎച്ച്‌എസ്‌എസ്‌, വടകര വിഎച്ച്‌എസ്‌എസ്‌ എന്നീ സ്‌കൂളുകൾ യഥാക്രമം കച്ചേരി എൽപിഎസ്‌, ചെറുവറ്റ എഎംഎൽപിഎസ്‌, സരസ്വതി വിലാസം എൽപിഎസ്‌ എന്നീ സ്‌കൂളുകൾ നവീകരിച്ചു. ടൈൽ പതിക്കൽ, മേൽക്കൂര മാറ്റൽ, ഫാൻ, -ഫർണിച്ചർ തുടങ്ങിയവ സ്ഥാപിക്കൽ, പെയിന്റിങ്‌, ചുമരിൽചിത്രം വരയ്‌ക്കൽ  തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ്‌ ചെയ്‌തത്‌. കാട്‌ വെട്ടിയും മാലിന്യം നീക്കിയും ശിശു സൗഹൃദ അന്തരീക്ഷവും സജ്ജമാക്കി. 
പദ്ധതി പൂർത്തീകരണത്തിന്റെ ജില്ലാ സമർപ്പണം എ പ്രദീപ്‌ കുമാർ എംഎൽഎ നിർവഹിച്ചു. പി രഞ്ജിത്ത്‌ അധ്യക്ഷനായി. കെ ഹിമ, ഡോ. എൻ എം സണ്ണി, വി പുഷ്‌പ എന്നിവർ സംസാരിച്ചു. പി കെ സ്‌മിത സ്വാഗതവും കെ ഗോപിനാഥൻ നന്ദിയും പറഞ്ഞു. പദ്ധതിക്കായി പ്രവർത്തിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. 
പ്രധാന വാർത്തകൾ
 Top