10 August Monday

പുനരധിവാസ പദ്ധതി തീരം വിടാൻ സന്നദ്ധരായി കടലുണ്ടി നിവാസികളും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

 

ഫറോക്ക്‌
ഫിഷറീസ് വകുപ്പ്‌ മുഖേന സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പാക്കേജിൽ കടൽത്തീരത്തുനിന്ന്‌ മാറിത്താമസിക്കാൻ സന്നദ്ധരായി കടലുണ്ടി പഞ്ചായത്തിലും നിരവധി കുടുംബങ്ങൾ. പഞ്ചായത്ത് ഓഫീസ് ഹാളിൽ ചൊവ്വാഴ്ച വി കെ സി മമ്മത് കോയ എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ചാലിയം മുതൽ കടലുണ്ടിക്കടവ് വരെ കടലോര മേഖലയിലെ തീരത്തോട് ഒട്ടിനിൽക്കുന്ന ഭൂരിഭാഗം പേരും മാറിത്താമസിക്കാനുള്ള സന്നദ്ധത അറിയിച്ചത്. പുനർഗേഹം എന്ന ഫിഷറീസ് വകുപ്പിന്റെ പദ്ധതി പ്രകാരം കടലിനോടുചേർന്ന്‌ 50 മീറ്ററിനുള്ളിൽ താമസിക്കുന്നവർ 200 മീറ്റർ ദൂരത്തേക്ക്‌ മാറിത്താമസിക്കണമെന്നാണ് വ്യവസ്ഥ. 
സർക്കാർ പുനരധിവാസ പാക്കേജ് പ്രകാരം ഭൂമി വാങ്ങുന്നതിന് ആറു ലക്ഷവും വീടുവയ്ക്കാൻ നാലു ലക്ഷവുമടക്കം 10 ലക്ഷം രൂപയാണ് നൽകുക. യോഗത്തിൽ പങ്കെടുത്ത തീരവാസികൾ അവരുടെ ആശങ്കയും പങ്കുവച്ചു. 15നകം ചാലിയം മത്സ്യഭവനിൽ സന്നദ്ധത അറിയിക്കണമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ നിർദേശിച്ചു.
നിരന്തരമുണ്ടാകുന്ന കടലാക്രമണത്തിൽനിന്നും പ്രകൃതിദുരന്തങ്ങളിൽനിന്നും തീരവാസികൾക്ക് ശാശ്വതരക്ഷ നേടുന്നതിനാണ് സർക്കാർ പദ്ധതി. യോഗത്തിൽ കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി കെ അജയകുമാർ അധ്യക്ഷനായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി കെ സുധീർ കിഷൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം നിഷ, സ്ഥിരം സമിതി അധ്യക്ഷരായ സി രമേശൻ, സിന്ധു പ്രദീപ്, മത്സ്യഭവൻ ഓഫീസർ എം കെ സബിത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top