തിരുവമ്പാടി
തിരുവമ്പാടിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ ബിവറേജസ് ഔട്ട് ലെറ്റ് ചിത്രീകരിക്കുന്നതിനിടെ പ്രാദേശിക ചാനൽ ക്യാമറാമാന്മാരും ജീവനക്കാരും തമ്മിൽ സംഘർഷം. സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്തതായി ജീവനക്കാരും ജീവനക്കാർ കൈയേറ്റം ചെയ്തതായി ക്യാമറാമാന്മാരും പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച പകൽ മൂന്നരയോടെയാണ് സംഭവം.
ബിവറേജസ് കോർപറേഷന്റെ തിരുവമ്പാടിയിലെ ചില്ലറ വിൽപ്പനശാലയിൽ ഹെൽമറ്റ് ധരിച്ചെത്തിയ സംഘം അതിക്രമം നടത്തുകയും ബില്ലിങ് തടസ്സപ്പെടുകയും ചെയ്തതായി ജീവനക്കാർ തിരുവമ്പാടി പൊലീസിൽ പരാതി നൽകി. അതിക്രമിച്ച് കടന്ന് ജീവനക്കാരെ കൈയേറ്റം ചെയ്തവരെ പിടികൂടണമെന്ന് കെഎസ്ബിസിഎസ്എ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രാദേശിക ചാനൽ പ്രവർത്തകർ എന്ന പേരിലെത്തിയ സംഘം ഷോപ്പിലെ സുരക്ഷാ ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും, ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും, കോടിക്കണക്കിന് രൂപയുടെ മദ്യം സൂക്ഷിച്ചിട്ടുള്ള ഷോപ്പിന്റെ ഉൾഭാഗത്തെ വീഡിയോ മുൻകൂർ അനുമതി ഇല്ലാതെ എടുക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
മുക്കത്തെ പ്രാദേശിക ചാനലായ സിടിവി ക്യാമറാമാൻമാരായ റഫീഖ് തോട്ടുമുക്കം, രാജേഷ് കാരമൂല എന്നിവർക്കാണ് മർദനമേറ്റതായി ആരോപണം. റഫീഖ് മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ മുക്കം, തിരുവമ്പാടി പ്രസ് ക്ലബ്ബുകൾ പ്രതിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..