20 October Sunday

പൊതുമേഖലാ സ്ഥാപനങ്ങളില്‍ സോളാര്‍ പ്ലാന്റുകള്‍: മന്ത്രി ഇ പി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019
  
കൊടുവള്ളി
ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയും ആവശ്യം കഴിഞ്ഞ് അധികം വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നല്‍കുകയും ചെയ്യുമെന്ന്‌ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. 
കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് ഹെഡ്‌ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ്‌ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കാവശ്യമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്‌. ഇതിന്റെ ഭാഗമായാണ് കിഫ്ബിയിലൂടെ 5000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് ‐ മന്ത്രി പറഞ്ഞു. 
കാരാട്ട് റസാഖ് എംഎല്‍എ അധ്യക്ഷനായി. സോവനീര്‍ പ്രകാശനവും ലൈബ്രറി ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടറി എ ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി രാമചന്ദ്രന്‍, മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നേടിയ കൊടുവള്ളി സിഐ പി ചന്ദ്രമോഹന്‍, കൊടുവള്ളി എസ്‌ഐ കെ പ്രജീഷ് എന്നിവർക്ക്‌ മന്ത്രി ഉപഹാരം നല്‍കി. പത്മശ്രീ നേടിയ കെ കെ മുഹമ്മദിനുള്ള ഉപഹാരം അദ്ദേഹത്തിന്റെ ഭാര്യ റാബിയ ഏറ്റുവാങ്ങി.
കെയര്‍ ഹോം പദ്ധതിയിൽ ബാങ്ക് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് ഓഡിറ്റോറിയം ഉദ്ഘാടനം പ്രൊഫ. എ പി അബ്ദുല്‍ വഹാബും മിനി ഓഡിറ്റോറിയം ഉദ്ഘാടനം സഹകരണ വിഭാഗം ജോ. രജിസ്ട്രാര്‍ വി കെ രാധാകൃഷ്ണനും നിർവഹിച്ചു. പ്ലസ് ടു ഉന്നത വിജയികളെയും ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയവരെയും അനുമോദിച്ചു. 
മുതിര്‍ന്ന കര്‍ഷകരെയും ചടങ്ങിൽ ആദരിച്ചു. പ്രൈമറി കോ- ഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് കെ സി വേലായുധന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി സി വേലായുധന്‍ എന്നിവർ സംസാരിച്ചു.  ബാങ്ക് പ്രസിഡന്റ് ഒ പി റഷീദ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ സി എന്‍ അഹമ്മദ്കുട്ടി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top