25 April Thursday

എലിപ്പനി മരണം; ജാഗ്രതയോടെ നാട്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

 വടകര

പ്രളയകെടുത്തിക്ക് ശേഷം നാടിനെ ഭീതിയിലാഴ്ത്തി എലിപ്പനി മരണം. താലൂക്കിൽ മൂന്നു ദിവസത്തിനിടെ മൂന്നു മരണം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ പ്രവർത്തകർ ബോധവൽകരണവും പ്രതിരോധ മരുന്ന് വിതരണവും കാര്യക്ഷമമാക്കി. നഗരസഭ നേതൃത്വത്തിൽ സാംസ്കാരിക നിലയത്തിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് അടിയന്തിര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.   നഗരസഭയിലെ പഴങ്കാവിൽ തെക്കെ പഴങ്കാവിൽ നാരായണി, വടകര മേപ്പയിൽ ആണ്ടി, വില്ല്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത് ഓലയാട്ട് താഴകുനിയിൽ ഉജേഷ് എന്നിവരാണ് മരിച്ചത്. 
വടകരയിൽ ഒരാൾ നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് രോഗംവരാതിരിക്കാനുള്ള മുൻകരുതലുകളാണ് ഇപ്പോൾ നടന്നു വരുന്നത്.  നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെഅധ്യക്ഷതയിൽ എൻആർഎച്ച്എം കമ്മിറ്റി യോഗം ചേർന്നു. യോഗത്തിൽഎച്ച്ഐ മാർ, ജെഎച്ച്ഐ മാർ, ജില്ലാ ആശുപത്രി ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. എല്ലാ വാർഡുകളിലും ബോധവൽകരണ ക്ലാസ്, ജാഗ്രത‐പ്രതിരോധ പ്രവർത്തനം എന്നിവ വിശദീകരിക്കുന്ന നോട്ടീസ് വിതരണം, പനി ബാധിച്ചവരുടെ സർവ്വെ, സംശയം തോന്നുന്നവർക്ക് പ്രതിരോധ ഗുളിക നൽകൽ, വെള്ളക്കെട്ട് നിലനിൽക്കുന്ന പ്രദേശങ്ങളിൽ ക്ലോറിനേഷൻ നടത്തൽ എന്നിവ നടത്താൻ തീരുമാനിച്ചു.
വില്ല്യാപ്പള്ളി പഞ്ചായത്തിൽ ഞായറാഴ്ച  പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വയൽ പ്രദേശങ്ങളിലും വെള്ളകെട്ട് നിലനിൽക്കുന്ന പ്രദേശങ്ങളിലും രോഗപ്രതിരോധ ഗുളികകൾ വിതരണം ചെയ്തു. വയലുകളിലും ചളിസ്ഥലങ്ങളിലും ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രത്യേക റിസ്ക്ക് ഗ്രൂപ്പാക്കിതിരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. 
കിണറുകളുടെ ശുചീകരണം, എലി നശീകരണ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും പ്രളയബാധിത പ്രദേശങ്ങളിൽ പോയി ശുചീകരണം നടത്തിയവർക്ക് രോഗ പ്രതിരോധ ഗുളികൾ വിതരണം ചെയ്തു. 
എലിപ്പനി റിപ്പോർട്ട് ചെയ്ത കുട്ടോത്ത് 13ാം വാർഡിൽ വീടുകളിൽ മുഴുവൻ പേർക്കും ഗുളിക വിതരണം ചെയ്തു. കൊളത്തുരിൽ രണ്ടുപേർക്ക് എലിപ്പനി ബാധിച്ച് അസുഖം ഭേദമായിരുന്നു. ഇതിനിടയിലാണ് പഞ്ചായത്തിൽ രണ്ടുപേർ മരണപ്പെട്ടത്.   
തിരുവള്ളൂർ പഞ്ചായത്തിൽ നിലവിൽ എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽകരണ പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തിയതായി ഹെൽത്ത് ഇൻസ്പെക്ടർ സി പി ശിവദാസൻ പറഞ്ഞു. പഞ്ചായത്തിലെ 20 വാർഡുകളിലും മഴക്കെടുതിയിൽ വെള്ളം കയറിയ പ്രദേശങ്ങളിലും പ്രത്യേക ജാഗ്രതപുലർത്തും. 
പ്രളയക്കെടുതിയിൽ ദുരിതാശ്വാസ കേമ്പുകളിൽ കഴിഞ്ഞവർക്ക് കേമ്പ് കഴിഞ്ഞ് പോകുന്ന സമയത്ത് തന്നെ ബോധവൽകരണ ക്ലാസും വീടുകളിൽ എത്തിച്ചേർന്നാൽ പാലിക്കേണ്ട നിർദ്ദേശങ്ങളും നൽകിയിരുന്നു. വെള്ളം കയറിയ പ്രദേശങ്ങളിലെ വീടകളിലും ജലനിധി പദ്ധതികളിലും ക്ലോറിനേഷൻ നടത്തി. എലിപ്പനി രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ചാനിയംകടവ് കേന്ദ്രീകരിച്ച് മെഡിക്കൽ കേമ്പും രോഗപ്രതിരോധ ബോധവൽകരണ ക്ലാസും പ്രതിരോധ ഗുളിക വിതരണവും നടക്കും. പഞ്ചായത്തിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും രോഗ പ്രതിരോധ ഗുളിക കഴിച്ചതിനുശേഷം മാത്രമാണ് ജോലിക്കിറങ്ങുന്നതെന്ന് ഉറപ്പുവരുത്തും. വീടുകളിൽ കുമ്മായ വിതരണവും പ്രളയ ബാധിത പ്രദേശങ്ങൾ ഉൾപ്പെടെ മൈക്ക് പ്രചരണവും നടത്തി. മണിയൂർ  പഞ്ചായത്തിലെ പ്രളയ ദുരിതമേഖലയിൽ എലിപ്പനി രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക്  പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ  തുടക്കമായി.  
ആരോഗ്യവകുപ്പ്    ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ ഗൃഹസന്ദർശനം നടത്തി എലിപ്പനി രോഗ പ്രതിരോധ ലഘുലേഖ വിതരണം, ഡോക്സി സൈക്ലിൻ പ്രതിരോധഗുളിക വിതരണം, ക്ലോറിനേഷൻ, കുമ്മായവിതരണം എന്നിവ നടത്തി.എലിപ്പനി പ്രതിരോധ പ്രർത്തനങ്ങൾക്ക് എച്ച്ഐ കെ കെ ബാബു, പി കെ സുമതി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ രാജേഷ, വി എസ് റെജി, വി രാജീവൻ,  ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് മാരായ പുഷ്പലത, കെ കെ മോളി, കെ സുജാത, എൻ ബി ജ്യോതി,  ഷീലാമ്മ തോമസ്സ്, ആശ ജി നായർ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top