11 August Tuesday
നാളെ ബഷീർ ഓർമദിനം

വരല്ലേ ഇക്കുറി വൈലാലിലേക്ക്‌

സ്വന്തം ലേഖകൻUpdated: Saturday Jul 4, 2020
കോഴിക്കോട്‌ 
‘‘ജൂലൈ അഞ്ച്‌ ഞായറാഴ്‌ച‌ ബഷീറിന്റെ ഓർമദിനമാണ്‌. എന്നാൽ  ഇക്കുറി നിങ്ങൾ ബേപ്പൂരിലെ വൈലാലിൽ വീട്ടിലേക്ക്‌ വരരുത്‌’’–- ബഷീറിന്റെ മകൻ അനീസ്‌ എഴുത്തുകാർക്കും പരിചയക്കാർക്കും മാധ്യമങ്ങൾക്കും  ഇങ്ങനൊരു കത്ത്‌ എഴുതിക്കൊണ്ടിരിക്കയാണ്‌.   കോവിഡ്‌ എന്ന മഹാമാരിയുടെ കാലത്ത്‌ ഒത്തുചേരാതെ മനസ്സുകളിൽ ബഷീറിനെ ഓർക്കണമെന്നാണ്‌ ബേപ്പൂർ സുൽത്താന്റെ കുടുംബത്തിന്റെ അപേക്ഷ.  കോവിഡ്‌ പ്രതിരോധത്തിന്റെ പ്രാധാന്യമേറ്റെടുത്താണ്‌ മക്കളായ അനീസും ഷാഹിനയും  ഇത്തരമൊരു അഭ്യർഥന സഹൃദയലോകത്തിന്‌ മുന്നിൽ സമർപ്പിക്കുന്നത്‌. എഴുത്തിലൂടെ അനന്തവും അജ്ഞാതവുമായ വിസ്‌മയം പരത്തിയ  വൈക്കം മുഹമ്മദ്‌ ബഷീർ വിടപറഞ്ഞിട്ട്‌ ഞായറാഴ്‌ച 26 വർഷമാകും.  ഇരുപത്തഞ്ചുവർഷവും ബഷീർ സ്‌മരണ സാംസ്‌കാരിക തീർഥാടനമായി കൊണ്ടാടിയിരുന്നു‌. രാവിലെ മുതൽ കുട്ടികളും കലാസ്വാദകരും സാംസ്‌കാരിക പ്രവർത്തകരുമായി വലിയൊരു സഹൃദയവൃന്ദം  വൈലാലിലെത്തും. വൈകിട്ട്‌  മാങ്കോസ്‌റ്റിൻ മരച്ചുവട്ടിൽ അനുസ്‌മരണ സമ്മേളനം. കഴിഞ്ഞവർഷം എം ടി വാസുദേവൻനായരായിരുന്നു   ഉദ്‌ഘാടനം. ഇത്തവണ രാവിലെ പത്തരക്ക്‌ ചെറിയൊരനുസ്‌മരണമുണ്ടാകും. കോവിഡ്‌ മാർഗനിർദേശം പാലിച്ചാകും ചടങ്ങ്‌.  സാഹചര്യം ഒത്താൽ ബഷീർ ജന്മദിനമായ ജനുവരി 21ന്‌ ഓർമകൾ പങ്കിട്ട്‌ വിപുലമായ സാംസ്‌കാരിക തീർഥാടനത്തിന്‌ വൈലാലിൽ വേദിയൊരുക്കുമെന്ന്‌ അനീസ്‌ ബഷീർ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top