27 May Wednesday

6 മാർക്കറ്റുകളിൽ മത്സ്യവിൽപ്പന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020
കോഴിക്കോട‌്
കോവിഡ‌് പശ‌്ചാത്തലത്തിൽ നഗരമേഖലയിലെ മത്സ്യമാർക്കറ്റുകളിൽ നിർത്തിവച്ചിരുന്ന മത്സ്യക്കച്ചവടം വെള്ളിയാഴ‌്ച വീണ്ടും തുടങ്ങി. സെൻട്രൽ മാർക്കറ്റിലെ രണ്ടെണ്ണം ഉൾപ്പെടെ ആറ‌് മാർക്കറ്റുകളിലാണ‌് വിൽപ്പന തുടങ്ങിയത‌്. ശനിയാഴ‌്ച മുതൽ കോർപറേഷന്റെ അംഗീകാരമുള്ള ശേഷിക്കുന്ന 10 മാർക്കറ്റുകളിലും മത്സ്യമെത്തും. ആറായിരം കിലോവീതമുള്ള എട്ട‌് ലോഡ‌് മീനാണ‌് വെള്ളിയാഴ‌്ച എത്തിയത‌്. കല്ലായി, മീഞ്ചന്ത, പന്നിയങ്കര, മാങ്കാവ‌് എന്നിവയാണ‌് കച്ചവടം തുടങ്ങിയ മറ്റു മാർക്കറ്റുകൾ. അമിതവില ഈടാക്കരുതെന്ന നിർദേശം അടിസ്ഥാനമാക്കിയായിരുന്നു കച്ചവടം. 
കോവിഡ‌് നടപടികളുടെ  ഭാഗമായി സെൻട്രൽ മാർക്കറ്റിൽ വിൽപ്പന ഉണ്ടായിരുന്നില്ല. മീൻ ലഭ്യത കുറഞ്ഞതിനാലും കച്ചവടക്കാരുടെ ആവശ്യം പരിഗണിച്ചും വ്യാഴാഴ്‌ച രാവിലെ ഏഴുമുതൽ പത്തുവരെ മൊത്തക്കച്ചവടം തുടങ്ങിയിരുന്നു. എന്നാൽ മാനദണ്ഡം ലംഘിച്ച‌് മത്സ്യവുമായി കൂടുതൽ ലോറികൾ എത്തുകയും ആള‌ുകൂടുകയും ചെയ‌്തതോടെ കോർപറേഷൻ ആരോഗ്യവിഭാഗവും പൊലീസും എത്തി വിൽപ്പന നിർത്തിവയ്‌പ്പിച്ചു. 
പിന്നീട‌് കോർപറേഷൻ അധികൃതരും കച്ചവട പ്രതിനിധികളും ചേർന്നുള്ള യോഗത്തിലാണ‌് മൊത്തക്കച്ചവടം സെൻട്രൽ മാർക്കറ്റിൽ മാത്രമാക്കാതെ 16 മാർക്കറ്റുകളിലാക്കാൻ തീരുമാനിച്ചത‌്. തലേദിവസം വരുന്ന മത്സ്യത്തിന്റെ മൊത്ത വില കോർപറേഷനെ അറിയിക്കണമെന്നും ഇതിൽനിന്നും  20 ശതമാനം മാത്രം വില വർധിപ്പിച്ചേ പൊതുജനങ്ങൾക്ക‌് വിൽക്കാവൂ എന്നുമുള്ള മാനദണ്ഡത്തിലാണ‌് കച്ചവടം അനുവദിച്ചത‌്. നല്ലളം, അരക്കിണർ, എലത്തൂർ, പുതിയങ്ങാടി, വെള്ളയിൽ, കോവൂർ, വെസ‌്റ്റ‌്ഹിൽ, മീഞ്ചന്ത, മാങ്കാവ‌്, ഇടിയങ്ങര, കരിക്കാംകുളം, ചെറുവണ്ണൂർ എന്നിവയാണ‌് അടുത്ത ദിവസം മുതൽ മത്സ്യക്കച്ചവടം തുടങ്ങുന്ന മാർക്കറ്റുകൾ. 
മൊത്തക്കച്ചവടം കഴിഞ്ഞ‌് രാവിലെ 10 മുതൽ വൈകിട്ട‌് അഞ്ച‌ുവരെയാണ‌് സെൻട്രൽ മാർക്കറ്റിൽ  ചെറുകിട വിൽപ്പന. അഞ്ച് മീറ്റർ അകലത്തിൽ ഇരുന്ന‌ുവേണം കച്ചവടം നടത്താൻ. അഞ്ചുപേരിൽ കൂടുതൽ ആളുകൾ മീനിനായി കൂടിനിൽക്കരുതെന്നും കർശന നിർദേശമുണ്ട‌്. വെള്ളിയാഴ‌്ച 20ൽ താഴെ കച്ചവടക്കാർ മാത്രമാണ‌് വന്നത‌്. 150ലേറെ ചെറുകിട കടക്കാരാണ‌് സെൻട്രൽ മാർക്കറ്റിലുള്ളത‌്. 
ഇന്നത്തെ മൊത്ത വില കിലോഗ്രാമിന‌്:
മത്തി:160, അയല: 230, കണമീൻ: 140, ചെമ്മീൻ: 270‐-320, ആവോലി: 420‐-450, സിഡി മുള്ളൻ: 120‐-140, ഓലമീൻ: 200, പിരാന: 140, റോഗ‌്: 140, ചൂത: 150.
പ്രധാന വാർത്തകൾ
 Top