പേരാമ്പ്ര
സമാനതകളില്ലാത്ത വികസന മുന്നേറ്റം കാഴ്ചവച്ച അഞ്ചാണ്ടാണ് പേരാമ്പ്രയിൽ പൂർത്തിയാകുന്നത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, പാർപ്പിടം, ശുദ്ധജല വിതരണം, പശ്ചാത്തല സൗകര്യ വികസനം, ദുർബല ജനവിഭാഗങ്ങളുടെ ക്ഷേമം തുടങ്ങി എല്ലാ മേഖലയിലും സർക്കാരിന്റെ കരുതലെത്തി. ആയിരംകോടിരൂപയുടെ വികസനമാണ് സാധ്യമാക്കിയതെന്ന് പേരാമ്പ്ര എംഎൽഎകൂടിയായ മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.
സമഗ്രവികസനം ലക്ഷ്യമാക്കി രൂപീകരിച്ച മണ്ഡലം വികസന മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കരിയർ ഡെവലപ്മെന്റ് സെന്റർ, ജോ.ആർടിഒ ഓഫീസ്, പിന്നോക്ക വികസന കോർപറേഷൻ ഓഫീസ്, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം, വനിതാ വികസന കോർപറേഷൻ ഓഫീസ്, ഭക്ഷ്യസുരക്ഷാ ഓഫീസ്, പൊലീസ് സബ്ഡിവിഷണൽ ഓഫീസ് തുടങ്ങി ഏഴ് സർക്കാർ ഓഫീസുകളാണ് പേരാമ്പ്രയിൽ തുടങ്ങിയത്. മിനി സിവിൽ സ്റ്റേഷൻ വിപുലീകരിച്ചു. തരിശിട്ട ആയിരക്കണക്കിന് ഏക്കറിൽ നെൽകൃഷിപുനരാരംഭിച്ചു. പത്ത് പഞ്ചായത്തുകളിലായി 2242 ഏക്കറിൽ കൃഷിയിറക്കി. ആവളപാണ്ടി ഉൾപ്പെടുന്ന ചെറുവണ്ണൂർ പഞ്ചായത്തിൽനിന്നുമാത്രം 11 ലക്ഷം ക്വിന്റൽ നെല്ല് അധികം ഉൽപ്പാദിപ്പിച്ചു. കരുവോട് കണ്ടഞ്ചിറയിൽ 250 ഏക്കർ നെൽപ്പാടം കൃഷിയോഗ്യമാക്കി.
വികസന നേട്ടങ്ങൾ
14 കോടി ചെലവിൽ വെളിയന്നൂർ ചല്ലിയിൽ സംയോജിത കൃഷി, നൊച്ചാട് സംയോജിത കാർഷിക ഗ്രാമം, ചെറുവണ്ണൂരിൽഔഷധസസ്യകൃഷി എന്നിവ സാധ്യമാക്കി. പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ 91 തൊഴിലാളികളെയും കൂത്താളി ജില്ലാ കൃഷിഫാമിൽ 59 തൊഴിലാളികളെയും സ്ഥിരപ്പെടുത്തി.
പഴം, പച്ചക്കറി, ജൈവ പച്ചക്കറി, മത്സ്യകൃഷി, പാൽ എന്നിവയുടെ ഉൽപ്പാദനം വർധിപ്പിക്കാനും പദ്ധതി.കാർഷിക മേഖലയിൽ 33 കോടിയുടെ പ്രവൃത്തി പൂർത്തിയാക്കി.
മുതുകാട്ടിൽ ഗവ. ഐടിഐ ആരംഭിച്ചു. ഏഴ് കോടി രൂപ ചെലവിൽ ഐടിഐക്ക് കെട്ടിട നിർമാണം ആരംഭിച്ചു.
740 ഹൈടെക്ക്
ക്ലാസ് മുറികൾ
അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ മേപ്പയൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 24 കോടിയുടെ വികസന പ്രവർത്തനം. രാമല്ലൂർ ഗവ. എൽപി സ്കൂളിൽ 4.25 കോടിയുടെയും ആവള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു കോടിയുടെയും തുറയൂർ ഗവ.യുപി സ്കൂളിൽ ഒരു കോടിയുടെയും വിളയാട്ടൂർ ഗവ.എൽപിയിൽ 50 ലക്ഷത്തിന്റെയും കെട്ടിടങ്ങൾ.
മുതുകാട്ടിൽ 25 കോടി ചെലവിൽ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ. മേപ്പയൂരിൽ 13.65 കോടിയുടെ സ്പോർട്സ് അക്കാദമി. ബിരുദ പഠനം പൂർത്തിയാക്കുന്നവർക്കായി "ധനുസ്’ പദ്ധതി. പേരാമ്പ്ര സികെജി ഗവ.കോളേജിൽ പുതിയ കോഴ്സുകളും കംപ്യൂട്ടർ ലാബും പിജി ബ്ലോക്കും.10 പ്രൈമറി ഹെൽത്ത് സെന്ററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി, കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചു. കാരുണ്യ മെഡിക്കൽ ഷോപ്പ്, ജനറേറ്റർ, ഡയാലിസിസ് സെന്റർ വിപുലീകരണം, ഇ ഹെൽത്ത് പദ്ധതി എന്നിവ ആരംഭിച്ചു.
വൈദ്യുതി മേഖലയിൽ 22 കോടിയുടെ "ദ്യുതി’.
33 കെവി സബ് സ്റ്റേഷൻ, കെഎസ്ഇബി നോർത്ത്, സൗത്ത് ഓഫീസുകൾക്ക് പുതിയ കെട്ടിടം. പെരുവണ്ണാമൂഴിയിൽ 77 കോടിയുടെ ചെറുകിട ജല വൈദ്യുത പദ്ധതി. പെരുവണ്ണാമൂഴി ഡാം ബലപ്പെടുത്താൻ 32.06 കോടി. പെരിഞ്ചേരിക്കടവിൽ 58 കോടിയുടെ റഗുലേറ്റർ കം ബ്രിഡ്ജ്. 44 കോടി രൂപ ചെലവിൽ തുറയൂർ പഞ്ചായത്ത് കുടിവെള്ള പദ്ധതി
റോഡുകൾ, പാലങ്ങൾ
പേരാമ്പ്ര പയ്യോളി റോഡ് (42 കോടി), പേരാമ്പ്ര ചാനിയംകടവ് റോഡ് (24കോടി), അഞ്ചാംപീടിക അരിക്കുളം കൊയിലാണ്ടി റോഡ് (10 കോടി), കുരുടിവീട് ഇരിങ്ങത്ത് റോഡ് (7കോടി), അകലാപ്പുഴ പാലം (30 കോടി), നടേരിക്കടവ് പാലം (21 കോടി), തോട്ടത്താം കണ്ടി പാലം (9.2 കോടി), ചെമ്പനോട കുറത്തിപ്പാറ സെന്റർ മുക്ക് പാലം (1 കോടി), പയ്യോളി ചീർപ്പ് കനാൽ (8.18 കോടി), പൊടിയാടി റോഡിലെ നടയ്ക്കൽ മുറി നടയ്ക്കൽ പാലങ്ങൾ (8 കോടി).
പേരാമ്പ്ര, വെള്ളിയൂർ, മേപ്പയൂർ ടൗണുകളുടെ നവീകരണം ആരംഭിച്ചു. പേരാമ്പ്ര ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങി. സബ് റജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമിച്ചു. സബ്ട്രഷറി കെട്ടിടത്തിന്റെ പ്രവൃത്തി നടക്കുന്നു. പട്ടികവർഗ കോളനികളിലെ സ്ത്രീകൾക്കായി വനമിത്ര, പശുവും തൊഴുത്തും പദ്ധതി. അംബേദ്കർ പദ്ധതിയിൽ ഉൾപ്പെടുത്തി കോളനി നവീകരണം. ടൗണിലെ ബൈപാസ് -വരുന്നു. പേരാമ്പ്ര റസ്റ്റ്ഹൗസിന്റെയും പെരുവണ്ണാമൂഴി ഐബിയുടെയും നവീകരണം പൂർത്തിയാക്കി.