20 April Tuesday

ശരീര രാഷ്‌ട്രീയവുമായി 
ഇരുണ്ട രാത്രിയിലെ നിലാവെളിച്ചം

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

‘ദി മൂൺ ലൈറ്റ് ഓൺ എ ഡാർക്ക് നൈറ്റ്’ ഫോട്ടോ പ്രദർശനം കാണുന്ന അനന്യയും ഹരികൃഷ്ണനും

കോഴിക്കോട്‌
അവൻ അവളാവുന്നത്‌ എത്ര പുരോഗമിച്ചാലും നെറ്റിചുളിച്ച്‌ മാത്രം ഉൾക്കൊള്ളുന്ന സമൂഹത്തിൽ  ശരീരത്തിന്റെ രാഷ്‌ട്രീയം പറയുകയാണ് ഈ ഫ്രെയിമുകൾ. ‌ ശരീരം മാത്രം ചർച്ചചെയ്യപ്പെടുന്ന  ലോകത്ത്‌  അവളുടെ അസാധാരണമായ ചോദനകളെ പിന്തുടർന്ന  ക്യാമറക്കാഴ്‌ചകളാണ് അവനിൽനിന്ന്‌ അവളിലേക്കുള്ള ദൂരം കാണിക്കുന്നത്‌.
     ‌ അനന്യ എന്ന   ട്രാൻസ്ജെൻഡറിന്റെ  ജീവിതത്തിലെ  നിർണായക സന്ദർഭങ്ങളാണ്   ദി മൂൺ ലൈറ്റ് ഓൺ എ ഡാർക് നെറ്റ്‌ എന്ന ജി ഹരികൃഷ്‌ണന്റെ ഫോട്ടോ പ്രദർശനം.  പുരുഷ ഉടലിനെ  വൈദ്യശാസ്ത്ര സഹായത്തോടെ സ്ത്രീയാക്കുന്ന ഘട്ടങ്ങളാണ്‌  ഫോട്ടോകളിൽ നിറയുന്നത്‌.  ലിംഗമാറ്റ ശസ്ത്രക്രിയക്കും മുമ്പും ശേഷവും  സമ്പൂർണ സ്‌ത്രീ ജീവിതത്തിൽ എത്തുന്നതുവരെ വിടാതെ പിന്തുടരുന്നുണ്ട്‌ ക്യാമറ.  കടും നിറങ്ങളിലും  ആകർഷക വസ്‌ത്രവിശേഷവുമായി മാത്രം കാണുന്ന  ട്രാൻസ്ജെൻഡർ ജീവിതം  കറുപ്പിലും വെളുപ്പിലും  ഒപ്പിയെടുത്താണ്‌  ചരിത്രത്തിന്റെ ഭാഗമാക്കുന്നത്‌. 
     ലളിതകലാ അക്കാദമി ആർട്‌ ഗ്യാലറിയിൽ 12 വരെയാണ്‌ ഫോട്ടോ പ്രദർശനം. ‌  മേ‌ക്കപ്പ്‌ കലാരംഗത്ത്‌ പ്രവർത്തിക്കുന്ന കൊച്ചി സ്വദേശിയായ സാനുഅലക്സ് എന്ന ചെറുപ്പക്കാരൻ അനന്യയാവുന്ന  ഘട്ടങ്ങൾ നാലരവർഷംകൊണ്ടാണ്‌ ചിത്രീകരിച്ചത്‌. ആൺ, പെൺ എന്നതിനപ്പുറം മറിച്ചുള്ള മാനസികവും ശാരീരികവുമായ അവസ്ഥയുള്ള മനുഷ്യരും ഇവിടെയുണ്ടെന്ന്‌ സമൂഹത്തിനെ ബോധ്യപ്പെടുത്താനാണ്‌ ഈ ഉദ്യമവുമായി സഹകരിച്ചതെന്ന്‌ അനന്യ പറഞ്ഞു. സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോൻ ഫോട്ടോ പ്രദർശനം  ഉദ്‌ഘാടനംചെയ്‌തു.  പൊന്ന്യം ചന്ദ്രൻ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top