20 April Tuesday

ഭൂമി നൽകി; അഭയ കേന്ദ്രം പൂർത്തിയാകും മുമ്പേ അറമുഖൻ വിടവാങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
കടലുണ്ടി 
മണ്ണൂർ പഴയ ബാങ്കിന് സമീപം വടക്കുമ്പാട് റോഡിൽ പട്ടയിൽ അറമുഖന്റെ അടങ്ങാത്ത ആഗ്രഹമായിരുന്നു നിർധനരും നിരാലംബരുമായ വയോധികർക്കൊരു അഭയ കേന്ദ്രം. സ്വന്തം വീടുപോലെ സൗകര്യങ്ങളുള്ള സങ്കേതമുണ്ടായാൽ ചായ മുതൽ രാത്രി ഭക്ഷണം വരെ നൽകാനും ഒരുക്കം. അഭയ കേന്ദ്രത്തിനായി കടലുണ്ടി നവധാര പാലിയേറ്റീവ് സെന്ററിന്  വീടിന് സമീപമുള്ള 10 സെന്റ്‌ ഭൂമിയും ദാനമായി നൽകി. എന്നാൽ കെട്ടിടം നിർമിച്ചു കാണാനാകാതെയാണ് തിങ്കളാഴ്ച രാത്രി അറമുഖൻ വിടവാങ്ങിയത്.
മണ്ണൂർ വളവിൽ സ്റ്റേഷനറിക്കട നടത്തിയിരുന്ന എൺപത്തിയഞ്ചുകാരനായ അറമുഖൻ നൽകിയ സ്ഥലത്തെ പഴയ കെട്ടിടത്തിൽ കേന്ദ്രം താൽക്കാലികമായി ആരംഭിച്ചിരുന്നു. ഇവിടെ സ്നേഹഭവനത്തിനായി പദ്ധതി തയ്യാറാക്കി കെട്ടിട നിർമാണ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നാലിന് നിശ്ചയിച്ച് ഒരുക്കങ്ങൾ പൂർത്തിയായിരിക്കെയായിരുന്നു അറമുഖന്റെ മരണം. ഇതോടെ ഫണ്ട് സ്വീകരിക്കൽ പരിപാടി അനുശോചന ചടങ്ങായി.
ആരോരുമില്ലാത്ത വയോജനങ്ങൾക്ക് രാവിലെ മുതൽ വൈകിട്ട്‌ വരെ തങ്ങാനും ഭക്ഷണം, മരുന്ന് എന്നിവ ഒരുക്കുന്നതുമാണ് ഒന്നാംഘട്ടം. ലൈബ്രറി, മറ്റു വിനോദങ്ങൾ എന്നിവക്കും സൗകര്യമൊരുക്കും. രണ്ടാംഘട്ടത്തിൽ താമസമുൾപ്പെടെയുള്ള സംവിധാനങ്ങളുമൊരുക്കും.
മണ്ണൂർ സിപ്ലക്‌സ് ഓഡിറ്റോറിയത്തിൽ നടന്ന അനുശോചന യോഗത്തിൽ ഡോ. വി പി മുരളീധരൻ അധ്യക്ഷനായി. വെൺമണി ഹരിദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പച്ചാട്ട് പ്രേമനാഥൻ നൽകിയ ധനസഹായം കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ മുൻ ഡയറക്ടർ ഡോ. കെ സുരേഷ് കുമാർ ഏറ്റുവാങ്ങി. കെ ഗംഗാധരൻ, ദാസൻ വാഴിയോടൻ, ഒ വിശ്വനാഥൻ, എ ടി സുബ്രഹ്മണ്യൻ, എം വി ചന്ദ്രൻ, എം ഹൃദേഷ്ബാബു, ഉദയൻ കാർക്കോളി, കെ മുരളീധരഗോപൻ, പ്രദീപ് കെ മണ്ണൂർ, സി വി ബാവ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top