സ്വന്തം ലേഖിക
കോഴിക്കോട്
പിഎൻബി ബാങ്ക് മുൻ മാനേജർ എം പി റിജിൽ നടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്തറിഞ്ഞത് കോർപറേഷന്റെ ഇടപെടലിലൂടെ. പൂരക പോഷകാഹാര പദ്ധതിയുടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ കോർപറേഷൻ ചെക്ക് സമർപ്പിച്ചപ്പോഴാണ് അക്കൗണ്ടിലെ പണം തിരിമറി ആദ്യം കണ്ടെത്തിയത്.
ഇതാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്താൻ വഴിയൊരുക്കിയതെന്ന് മേയർ ബീനാ ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞയാഴ്ച പോഷകാഹാര പദ്ധതിയിൽ 4,82,675 രൂപയുടെ അടയ്ക്കാനുള്ള ഫയൽ അക്കൗണ്ട്സ് വിഭാഗത്തിൽ എത്തിയപ്പോൾ ബാലൻസ് പരിശോധിച്ചതാണ് തുടക്കം. 2,77,068 രൂപ മാത്രമേ അക്കൗണ്ടിൽ ബാക്കിയുള്ളൂ എന്ന് കണ്ട് സംശയം തോന്നിയതോടെ അക്കൗണ്ട്സ് വിഭാഗം സ്റ്റേറ്റ്മെന്റ് പരിശോധിച്ചു. പല തവണയായി കോടികൾ പിൻവലിച്ചതായി കണ്ടെത്തി.
ബാങ്കിനെ ബന്ധപ്പെട്ടപ്പോൾ പിശക് സംഭവിച്ചതാണെന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തുക നൽകി.
മറ്റൊരു ഇടപാടിനായി ഇ–-പേമെന്റ് അക്കൗണ്ടിന്റെ കഴിഞ്ഞ മാസത്തെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ സമാന രീതിയിൽ തുക പിൻവലിച്ചത് കണ്ടത്തി. രണ്ട് ദിവസം മുമ്പ് ടൗൺ പൊലീസിലും ബാങ്കിലും കോർപറേഷൻ പരാതിയും നൽകി.
വിദഗ്ധമായി നടത്തിയ തട്ടിപ്പ് ഒരാൾക്ക് ഒറ്റയ്ക്ക് മാത്രം നടത്താൻ പറ്റുന്നതാണോ എന്ന് സംശയമുണ്ട്.
കൂടുതൽ പേരുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും മേയർ പറഞ്ഞു. അക്കൗണ്ടുകളുടെ പരിശോധന ദിവസവും നടത്തുന്നത് ആലോചിക്കുന്നുണ്ട്.
തട്ടിപ്പ് സംബന്ധിച്ച് ബാങ്ക് ഇങ്ങോട്ടല്ല സൂചിപ്പിച്ചത്.
രാഷ്ട്രീയ ലക്ഷ്യത്തോടെ യുഡിഎഫും ബിജെപിയും തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് പറഞ്ഞു. ആത്മാർഥത ഉണ്ടെങ്കിൽ യുഡിഎഫ് പിഎൻബിയിലേക്ക് സമരം നടത്തണമെന്നും ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..