29 January Saturday

കാർഷിക സമൃദ്ധി വീണ്ടെടുക്കാൻ ചങ്ങരോത്ത്

ഇ ബാലകൃഷ്ണൻUpdated: Friday Dec 3, 2021

കതിരണി നിറവ് പദ്ധതികളുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ ചങ്ങരോത്ത് പാടശേഖരത്തിൽ 
 നിലമൊരുക്കുന്നു

 
പേരാമ്പ്ര
കാർഷിക സമൃദ്ധി വീണ്ടെടുക്കാനൊരുങ്ങി ചങ്ങരോത്ത് പഞ്ചായത്ത്. ഒന്നര  പതിറ്റാണ്ടായി നഷ്ടമായ കാർഷിക സംസ്കൃതി തിരിച്ചുപിടിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ചങ്ങരോത്ത് പഞ്ചായത്തിന്റെ ജനപ്രതിനിധികൾ. പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ പാടശേഖര സമിതികളും പുനഃസംഘടിപ്പിച്ച ശേഷം രൂപീകരിച്ച  സംഘാടക സമിതികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. 
ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിയും ചങ്ങരോത്ത് പഞ്ചായത്തിന്റെ നിറവ് പദ്ധതിയും സംയോജിപ്പിച്ച്  തരിശായിക്കിടക്കുന്ന 432ഏക്കറിൽ നെൽക്കൃഷി പുനരാരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. അയനിക്കുന്നുമ്മൽതാഴ, കൂടലോട്ട് ഭാഗം, കുയ്യണ്ടം, ജാനകി വയൽ, കണ്ടോത്ത് ഭാഗം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കുന്നത്. താമസിയാതെ  കല്ലൂർ, കന്നാട്ടി, കൂനിയോട് തുടങ്ങി പഞ്ചായത്തിലെ 600 ഏക്കർ വരുന്ന പാടശേഖരങ്ങളും കൃഷിയോഗ്യമാക്കും. സംസ്ഥാന  കാർഷിക യന്ത്രവൽക്കരണ മിഷന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി  മന്ത്രി പി പ്രസാദാണ് ഉദ്ഘാടനം ചെയ്തത്. 
കൈതപ്പുല്ലും ആഫ്രിക്കൻ പായലും മൂടി പാടശേഖങ്ങൾ കൃഷിയോഗ്യമല്ലാതായതോടെയാണ് കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായത്. നീണ്ട ഇടവേളക്ക്ശേഷം പഞ്ചായത്തിൽ എൽഡിഎഫ് അധികാരമേറ്റതോടെ കാർഷിക മേഖല വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാണ്.  അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ്, മിനി എക്സ്‌കവേറ്റർ, ബോട്ട് ട്രാക്ടർ, ഹൈസ്പീഡ് ട്രാക്ടറുകൾ എന്നിവ ഉപയോഗിച്ച് കളകൾ മാറ്റിയും
 കിലോമീറ്ററുകൾ ദൈർഘ്യമുള്ള തോടുകൾ മൂന്നു മീറ്റർ വീതിയിൽ പുനർനിർമിച്ചുമാണ് പദ്ധതിയുടെ ആദ്യ ഘട്ടമായി 150 ഏക്കർ കൃഷിയോഗ്യമാക്കിയത്. 
വിവിധ വാർഡുകളിലെ 700ൽ പരം തൊഴിലുറപ്പ് തൊഴിലാളികളാണ് നിലമൊരുക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ളത്. രണ്ടു കോടി രൂപയുടെ തൊഴിൽ ദിനങ്ങളും 30 ലക്ഷം രൂപയുടെ തോട് നവീകരണവും തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യമാക്കും. എല്ലാവർക്കും 100 ദിനങ്ങൾ ലഭ്യമാകും.  പദ്ധതിയുടെ ഭാഗമായി നിലമൊരുക്കൽ, വിത്ത്, കുമ്മായം എന്നിവ പഞ്ചായത്ത് നൽകും. ഹെക്ടറിന് 17,000 രൂപ ഇൻസെന്റീവായി ലഭ്യമാകുന്ന തുക കാർഷിക യന്ത്രങ്ങളുടെ വാടകയിനത്തിൽ ചെലവഴിക്കും. ഞാറൊരുക്കുന്നതിനുള്ള വിത്തിടൽ പൂർത്തിയായി. ഒരാഴ്ചക്കകം ഓട്ടോമാറ്റിക് നടീൽ യന്ത്രങ്ങളുപയോഗിച്ച്   നടീൽ ഉത്സവം നടക്കും. എൽഡിഎഫ് മുന്നോട്ടുവെച്ച കാർഷിക മേഖലയുടെ പുനരുജ്ജീവനവും തരിശുരഹിത പഞ്ചായത്ത് ഹരിതഭൂമിയെന്ന വാഗ്ദാനവുമാണ് പ്രാവർത്തികമാക്കുന്നതെന്ന്  പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരി പറഞ്ഞു. നെൽകൃഷി വ്യാപകമാക്കുന്നതോടൊപ്പം നിലക്കടല, ചെറുപയർ എന്നിവക്കൊപ്പം പൂ കൃഷി ആരംഭിക്കാനും കൃഷി വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവപച്ചക്കറി കൃഷിയും ആരംഭിക്കും. കൂടാതെ അഗ്രി നഴ്സറിയും അഗ്രോ ടൂറിസം പദ്ധതിയും ആരംഭിക്കാനും പദ്ധതിയുണ്ട്–- പ്രസിഡന്റ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top