07 August Friday

പോളി, ഐടിഐ എന്നിവിടങ്ങളിലും അവസരം 42,978 പ്ലസ്‌ വൺ സീറ്റ്‌

സ്വന്തം ലേഖകൻUpdated: Friday Jul 3, 2020
കോഴിക്കോട്‌
പത്തിന്റെ പടികടന്നെത്തിയ കൂട്ടുകാരെ കാത്ത്‌ ജില്ലയിൽ 42,978 പ്ലസ്‌വൺ സീറ്റുകൾ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 2610 സീറ്റുകളും. ഇതിനുപുറമെ പോളി, ഐടിഐ എന്നിവിടങ്ങളിലും അവസരങ്ങളുണ്ട്‌.
സർക്കാർ, എയ്‌ഡഡ്‌, അൺഎയ്‌ഡഡ്‌ മേഖലയിലായി 179 ഹയർസെക്കൻഡറി സ്‌കൂളാണുള്ളത്‌. സർക്കാർ മേഖലയിൽ 15,126 സീറ്റും എയ്‌ഡഡ്‌ മേഖലയിൽ 11,890 സീറ്റും അൺഎയ്‌ഡഡ്‌ സ്‌കൂളുകളിൽ 5222 സീറ്റുമുണ്ട്‌. മാനേജ്‌മെന്റ്‌ ക്വാട്ടയിൽ 4533 വിദ്യാർഥികൾക്ക്‌ പഠിക്കാം. കമ്യൂണിറ്റി ക്വാട്ടയിൽ 2604 പേർക്കും സ്‌പോർട്‌സ്‌ ക്വാട്ടയിൽ 890 പേർക്കും പ്രവേശനം ലഭിക്കും.
കൂടുതൽ വിദ്യാർഥികളെത്തുന്ന സയൻസ്‌ വിഭാഗത്തിൽ 18,920 സീറ്റാണുള്ളത്‌.‌ കൊമേഴ്‌സിൽ 8676 സീറ്റും ഹ്യുമാനിറ്റീസിൽ 12,766 സീറ്റും ലഭ്യമാണ്‌.
എട്ട്‌ എയ്‌ഡഡ്‌  ഉൾപ്പെടെ 28 വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ജില്ലയിലുണ്ട്‌. 2610 സീറ്റുകളാണ്‌ ഈ സ്‌കൂളുകളിൽ. എൻജിനിയറിങ്‌, അഗ്രികൾച്ചർ, അലൈഡ്‌ മെഡിക്കൽ ഹെൽത്ത്‌ കെയർ, അനിമൽ ഹസ്‌ബൻഡറി, ഫിഷറീസ്‌, ഹോം സയൻസ്‌, ബിസിനസ്‌ കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ തുടങ്ങിയ ബ്രാഞ്ചുകളാണ്‌ ജില്ലയിലുള്ളത്‌.
43,678 വിദ്യാർഥികളാണ്‌ ഇക്കുറി ജില്ലയിൽ ഉപരിപഠനത്തിന്‌ അർഹരായത്‌.  സേ പരീക്ഷയിലൂടെ യോഗ്യത നേടുന്നവരും സിബിഎസ്‌ഇ സ്‌കൂളുകളിൽനിന്ന്‌ വരുന്നവരും കൂടിയാകുന്നതോടെ സീറ്റുകൾ തികയാതെ വന്നേക്കും. 
മുൻവർഷങ്ങളിലേതുപോലെ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കുന്നതോടെ പ്രശ്‌നത്തിന്‌ പരിഹാരമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞവർഷം  30 ശതമാനം സീറ്റാണ്‌ അധികം അനുവദിച്ചത്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top