27 May Wednesday

നിരീക്ഷണത്തിലുള്ള നാലുപേരെ ഡിസ്‌ചാർജ്‌ ചെയ്‌തു ഒരാൾക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020
കോഴിക്കോട്
ജില്ലയിൽ വെള്ളിയാഴ്‌ച ഒരാൾക്കുകൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 18ന്‌ എയർ ഇന്ത്യ (AI 938) വിമാനത്തിൽ കരിപ്പൂരിലെത്തിയ വടകര തിരുവള്ളൂർ സ്വദേശിയായ 25കാരനാണ്‌ രോഗബാധ. രാത്രി എട്ടിന് എത്തി ഒമ്പതോടെ സ്വന്തം വാഹനത്തിൽ കോഴിക്കോട്ടെ വീട്ടിലേക്ക് യാത്രതിരിച്ചു. 11ഓടെ വീട്ടിലെത്തി. ഐസൊലേഷനിൽ കഴിയുകയായിരുന്നു. 31ന് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ ക്രമീകരിച്ച ആംബുലൻസിൽ പകൽ 1.30 ഓടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.  ഇതോടെ ജില്ലയിൽ നിലവിൽ ആറുപേരാണ്‌  രോഗബാധിതരായി ചികിത്സയിലുള്ളതെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ അറിയിച്ചു. 
ബുധനാഴ്‌ച കിഴക്കോത്ത്‌ സ്വദേശിയായ ഒരാളെ ഡിസ്‌ചാർജ്‌ ചെയ്‌തിരുന്നു. കൂടാതെ കാസർകോട്‌ ജില്ലക്കാരായ രണ്ട്‌പേരും കണ്ണൂർ സ്വദേശിയായ ഒരാളും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്‌. 
വ്യാഴാഴ്‌ച  21,934 പേർ നിരീക്ഷണത്തിലുണ്ട്‌. മെഡിക്കൽ കോളേജിൽ പുതുതായി വന്ന ഒമ്പത് പേരുൾപ്പെടെ 28 പേരാണ് നിരീക്ഷണത്തിലുള്ളത്. നാല് പേരെ ഡിസ്ചാർജ്‌ ചെയ്തു. 
വ്യാഴാഴ്‌ച 13 സ്രവസാമ്പിൾ പരിശോധനക്ക് അയച്ചു.  ആകെ 281 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 258 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. 249 എണ്ണം  നെഗറ്റീവാണ്. ഇനി 22 പേരുടെ പരിശോധനാ ഫലംകൂടി ലഭിക്കാനുണ്ട്. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 16 പേർക്ക് കൗൺസലിങ്‌ നൽകി. 34 പേർ ഫോണിലൂടെ സേവനം തേടി.
പ്രധാന വാർത്തകൾ
 Top