11 April Sunday

ബാലന്റെ വിയോഗത്തിൽ നാട്‌ തേങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

 കൊയിലാണ്ടി

നിസ്വാർഥ സേവകനായിരുന്ന മേലൂരിലെ എടക്കാട്ട് പറമ്പത്ത് ബാലന്റെ അപകട മരണം  ഗ്രാമത്തിന്റെ വേദനയായി. തിങ്കളാഴ്ച രാവിലെ കച്ചേരിപ്പാറക്ക് സമീപം  തെങ്ങുമുറിക്കുമ്പോൾ പൊട്ടിവീണ് മരിക്കുകയായിരുന്നു. ഫയർ ആൻഡ്‌ റസ്ക്യൂ സർവീസിന്റെ സിവിൽ ഡിഫൻസ് അംഗമായ  ബാലൻ നിരവധി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്.  കടലുണ്ടി തീവണ്ടി ദുരന്തം, വിയ്യൂർ മണ്ണിടിച്ചിൽ, പ്രളയദുരന്തം തുടങ്ങിയ സംഭവങ്ങളിൽ രക്ഷാപ്രവർത്തനത്തിലും ഇദ്ദേഹമുണ്ടയിരുന്നു.  കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിന് ഫയർ ഫോഴ്സ് ഡിജിപി യുടെ സദ്‌‌സേവന പത്രം ലഭിച്ചു. ഫയർ ഫോഴ്സ് കൊയിലാണ്ടി സ്റ്റേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് യൂണിറ്റിന്റെ സംസ്ഥാന പരിശീലനം മരണത്തിന്റെ തലേ ദിവസമാണ് പൂർത്തിയാക്കിയത്. ബാലന്റെ വേർപാട് കൊയിലാണ്ടി ഫയർ ഫോഴ്സ് യൂണിറ്റിന് വലിയ നഷ്ടമാണ്. ഒ നെഗറ്റീവ് രക്തത്തിന്റെ ഉടമയായ ബാലൻ നൂറിലധികംപേർക്ക് പല സമയങ്ങളിലായി   രക്തം ദാനംചെയ്‌തിട്ടുണ്ട്‌.   ഇതിന്റെ ഭാഗമായി പുരസ്‌കാരം ലഭിച്ചു. മേലൂർ കെഎംഎസ് ലൈബ്രറിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ കെ ദാസൻ എംഎൽഎ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബുരാജ്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ തുടങ്ങി നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു.
അനുസ്മരണ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി വേണു അധ്യക്ഷനായി. പി വിശ്വൻ, കൂമുള്ളി കരുണാകരൻ, ഫയർഫോഴ്സ് ഓഫീസർ സി പി ആനന്ദൻ, കെ ടി രാജീവൻ, ബിജു, സി ഗോപിനാഥ്, വി എം ഗംഗാധരൻ, പി ടി രാഹുൽ, കെ കെ ദിലേഷ്, കെ സദാനന്ദൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top