19 January Wednesday

ബേപ്പൂർ ഗവ. ഐടിഐ രണ്ടാംഘട്ട നിർമാണം ഉടൻ പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

 ബേപ്പൂർ

ബേപ്പൂർ ഗവ. ഐടിഐ  കെട്ടിടത്തിന്റെ രണ്ടാം ഘട്ട നിർമാണവും വേഗത്തിൽ പൂർത്തിയാക്കുമെന്ന്‌ അധികൃതർ. നേരത്തെ 2.15 കോടി രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിനൊപ്പമാണ് സമ്പൂർണ സൗകര്യങ്ങൾക്കായി 80 ലക്ഷം രൂപയുടെ നിർമാണം. ഈ പ്രവൃത്തികൾ ആറു മാസത്തിനകം പൂർത്തിയാകുമെങ്കിലും നിലവിൽ ബേപ്പൂർ അങ്ങാടിയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐടിഐയുടെ ക്ലാസുകൾ ഈ മാസം തന്നെ നടുവട്ടത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. 
 നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാനും ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശിച്ചിരുന്നു. പുതിയ കെട്ടിടത്തിൽ ക്ലാസ്‌ ആരംഭിക്കാൻ തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസ വകുപ്പും അനുമതി നൽകിയിട്ടുണ്ട്. 
ആദ്യഘട്ടത്തിൽ താഴെത്തെ നില പൂർണമായും മുകളിൽ മേൽക്കൂര കോൺക്രീറ്റിങ്ങുമാണ് പൂർത്തിയായത്. രണ്ടാം ഘട്ടത്തിൽ മുകളിലെ നില പൂർത്തിയാക്കി ചുറ്റുമതിലും നിർമിക്കും.
ബേപ്പൂർ നടുവട്ടം ഗോഡൗണിന് കിഴക്കു ഭാഗത്തായി നേരത്തെ കോർപറേഷൻ മിനി  വ്യവസായ എസ്റ്റേറ്റിനായി വാങ്ങിയ സ്ഥലത്ത്‌ അനുവദിച്ച 1.2 ഏക്കറിൽ 8600 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ഐടിഐ.  ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, ഹോസ്പിറ്റൽ ആൻഡ്‌‌ ഹൗസ് കീപ്പിങ് എന്നീ രണ്ടു ട്രേഡുകളാണിവിടെ നിലവിലുള്ളത്.  ഭൗതിക സാഹചര്യങ്ങൾ വർധിക്കുന്നതോടെ കൂടുതൽ തൊഴിൽ സാധ്യതയുള്ള പുതിയ മൂന്ന് കോഴ്സുകൾ കൂടി ആരംഭിക്കാനാകുമെന്ന് പ്രിൻസിപ്പൽ ആനന്ദ് കുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top