29 November Tuesday

ദക്ഷിണേന്ത്യൻ കവർച്ചാസംഘം 
കുടുംബാംഗങ്ങൾ; സ്വർണം കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022
കോഴിക്കോട് 
പൂളക്കടവിൽ വാഹന പരിശോധനക്കിടയിൽ പിടികൂടിയ കൊള്ളസംഘം കുടുംബാംഗങ്ങൾ. കർണാടകയിലെ വിവിധ ഭാഗങ്ങളിലുള്ളവരാണെന്നും പരസ്പരം അറിയില്ലെന്നുമായിരുന്നു അറസ്റ്റിലായപ്പോൾ ഇവർ നൽകിയ മൊഴി. എന്നാൽ,  കസ്റ്റഡിയിൽ വാങ്ങി അന്വേഷകസംഘം കർണാടകയിൽ നടത്തിയ  തെളിവെടുപ്പിലാണ്‌ ഇവർ കുടുംബാംഗങ്ങളാണെന്ന്‌ തെളിഞ്ഞത്‌. മോഷണം നടത്തിയ സ്വർണത്തിന്റെ  കുറച്ചുഭാഗം പൊലീസ് കണ്ടെടുത്തു.
 മധുര പെരുമാൾ കോവിൽ സ്ട്രീറ്റിൽ നാരായണ (44), മൈസൂർ ഹുൻസൂർ സ്വദേശി മുരളീ (37), കോലാർ മൂൾബാബിൽ സ്വദേശിനി സരോജ (52), സുമിത്ര (41), നാഗമ്മ (48) എന്നിവരെയാണ്‌ സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും ചേവായൂർ  പൊലീസും ചേർന്ന്‌ കഴിഞ്ഞദിവസം അറസ്റ്റുചെയ്‌തത്‌. കർണാടക, കേരളം, തമിഴ്നാട് തുടങ്ങി ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കർണാടക രജിസ്ട്രേഷൻ ടവേരയിൽ സഞ്ചരിച്ച്‌ ബസ്സുകൾ, ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ കൃത്രിമ തിരക്കുണ്ടാക്കി കവർച്ച നടത്തുകയാണ്‌ രീതി. 
സരോജമാണ് ടീം ലീഡർ. സുമിത്രയും നാഗമ്മയും സരോജത്തിന്റെ ഭർത്താവിന്റെ സഹോദരിമാരാണ്.  ഡ്രൈവർ മുരളി മരുമകനാണ്‌. ഭക്ഷണം പാകംചെയ്യുകയാണ്‌ നാരായണന്റെ ജോലി.   
ഹുൻസൂരിൽ ആഡംബര ജീവിതം നയിച്ച സരോജവും കുടുംബവും പിന്നീട് വീട് വാടകക്ക് നൽകി ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. സരോജത്തിന്റെ ഭർത്താവ്‌ നിരവധി മോഷണ പിടിച്ചുപറി കേസുകളിൽ പ്രതിയാണ്‌. സംഘം ആഡംബര ഹോട്ടലുകളിൽ ദിവസങ്ങളോളം താമസിച്ചതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഘത്തിൽ സ്ത്രീകൾ ഉൾപ്പെട്ട മറ്റൊരു ഗ്രൂപ്പിനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.  
സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് എസ്‌ഐ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എ കെ അർജുൻ, രാകേഷ് ചൈതന്യം, ചേവായൂർ എസ്‌ഐ വി ടി ഹരീഷ് കുമാർ, എഎസ്ഐ എം സജി, വനിതാ സിപിഒമാരായ കെ റോഷ്നി, മഞ്ജു, ഡ്രൈവർ സിപിഒ ശ്രീജിത്ത്, വിഗിൻ,  ഹോംഗാർഡ് മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top