14 August Friday

സേവനനിരതനായി മുഹമ്മദ് ‌യാസിൻ പിപിഇ കിറ്റിനുള്ളിൽ പെരുന്നാൾ

പി ശ്രീനിവാസൻUpdated: Sunday Aug 2, 2020
കുന്നമംഗലം
കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ്‌ സെന്ററിൽ രോഗികളെ പരിചരിക്കുന്നതിനിടയിൽ വന്നെത്തിയ പെരുന്നാളിന് സന്നദ്ധ പ്രവർത്തകനായ മുഹമ്മദ് യാസിമിന്‌ കോടിയായി കിട്ടിയത് രണ്ട് പിപിഇ കിറ്റുകൾ. പെരുന്നാൾ നമസ്‌കാരവും കോവിഡ് കെയർ സെന്ററിൽ തന്നെ. 68 ദിവസമായി കോവിഡ് കെയർ സെന്ററിൽ സേവനനിരതനാണ്‌‌ മുഹമ്മദ് യാസിൻ. പെരുന്നാളിനും വീട്ടിൽ പോയിട്ടില്ല. ഉമ്മയും ഉപ്പയും കാണാൻ തോന്നുമ്പോൾ ദൂരെ നിന്ന് ഒരുനോക്ക് കണ്ട് തിരിച്ചുപോവും. 
എന്നാൽ തന്റെ സേവനത്തെ അത്രവലുതായി കാണേണ്ടതില്ലെന്ന നിലപാടിലാണ്‌ മുഹമ്മദ് യാസിൻ‌. "നാടിനുവേണ്ടി ഇതൊക്കെയല്ലേ നമുക്ക് ചെയ്യാൻ കഴിയുക. എത്രനാളായാലും വേണ്ടില്ല നമുക്കിതിനെ തോൽപ്പിക്കും വരെ പോരാടാം’  എട്ട്‌ മണിക്കൂർ പിപിഇ കിറ്റ് ധരിച്ച് ഭക്ഷണംപോലും ശരിക്ക് കഴിക്കാനാവാതെ കഷ്ടപ്പെടുന്ന മുഹമ്മദ് യാസിന്റെ‌ വാക്കുകളിൽ സമരഭടന്റെ ആവേശം. നമ്മൾ പലർക്കും മാസ്‌ക്‌ ധരിക്കാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും മടിയാണ്‌. അവരോർക്കണം കുറേ ആരോഗ്യപ്രവർത്തകർ ഊണും ഉറക്കവുമില്ലാതെ രാപകൽ പ്രവർത്തിക്കുന്നത്‌. അവരെ നിങ്ങൾ തോൽപ്പിക്കരുത്.    
ഇതുപോലൊരു പെരുന്നാൾ ഇനി വരുംകാലങ്ങളിൽ കാണാൻ ഇടയാകാതിരിക്കട്ടെ എന്നാണ് മുഹമ്മദ് യാസിൻ ഫെയ്സ്‌ബുക്കിൽ കുറിച്ചത്. എസ്എഫ്ഐ കുന്നമംഗലം ഏരിയാ വൈസ് പ്രസിഡന്റും ഡിവൈഎഫ്ഐ കുറ്റിക്കാട്ടൂർ മേഖലാ വൈസ് പ്രസിഡന്റുമായ മുഹമ്മദ് യാസിൻ ബിരുദ വിദ്യാർഥിയാണ്. 
കോഴിക്കോട്‌ സ്‌പാൻ ഹോട്ടലിൽ ആദ്യനാളുകളിൽ സേവനഭടനായിറങ്ങിയ യാസിൻ ഇപ്പോൾ കുറ്റിക്കാട്ടൂർ എഫ്‌എൽടിസിയിലാണ്‌ രോഗികൾക്ക്‌ സമാശ്വാസവും സഹായവുമായുള്ളത്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top