12 August Wednesday

കുതിപ്പേകാൻ 180 കോടി

സ്വന്തം ലേഖകൻUpdated: Thursday Jul 2, 2020

രാമനാട്ടുകര നഗരസഭാ ഓഫീസ്‌ കോംപ്ലക്‌സിന്റെ മാതൃക

 
കോഴിക്കോട്‌
ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ കുതിപ്പേകാൻ കിഫ്‌ബിയുടെ 180 കോടിരൂപ. മൂന്ന്‌ റെയിൽവേ മേൽപ്പാലങ്ങളും തിരുവമ്പാടി –-ഇടത്തറ–-മറിപ്പുഴ റോഡും രാമനാട്ടുകര നഗരസഭാ ഓഫീസ്‌ കോംപ്ലക്‌സുമടക്കമുള്ള പദ്ധതികൾക്കാണ്‌ അനുമതിയായത്‌. എംഎൽഎമാരായ എ പ്രദീപ്‌കുമാർ, കെ ദാസൻ, ജോർജ്‌ എം തോമസ്‌, വി കെ സി മമ്മത്‌കോയ എന്നിവരുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ്‌ പദ്ധതികൾക്ക്‌ ‌അനുമതി ലഭ്യമായത്‌. 
കോഴിക്കോട് വരക്കൽ‌ ടെമ്പിൾ റോഡ്‌ മേൽപ്പാലത്തിന്‌‌ 36.84 കോടി രൂപ അനുവദിച്ചു.  കൊയിലാണ്ടിക്കടുത്ത്‌ നെല്ല്യാടിക്കടവ്‌ മേൽപ്പാലത്തിന്‌ 28.39 കോടിയും പയ്യോളി മേൽപ്പാലത്തിന്‌ 28.57 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. തിരുവമ്പാടി–- മറിപ്പുറ റോഡിന്‌ 77.11 കോടിയും‌  രാമനാട്ടുകര നഗരസഭാ ഓഫീസ്‌ കോംപ്ലക്‌സ്‌ നിർമിക്കാൻ എട്ട്‌ കോടിയും ‌ അനുവദിച്ചു. 
റെയിൽവേ മേൽപ്പാലങ്ങൾ   ഗതാഗതക്കുരുക്കിന്‌ അറുതിവരുത്തും 
കൊയിലാണ്ടി സ്‌റ്റേഷന്‌ രണ്ട്‌ ഭാഗത്തുമായുള്ള റെയിൽവേ ഗേറ്റിന്‌ മുകളിലൂടെയാണ്‌ മേൽപ്പാലം വരുന്നത്‌.  ഗേറ്റ്‌ അടയ്‌ക്കുന്നതോടെ പലപ്പോഴും ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ്‌ അനുഭവപ്പെടാറ്‌. പയ്യോളിയിലും വരക്കലിലും സമാനമാണ്‌ സ്ഥിതി‌‌. റെയിൽവേ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്റ്‌ കോർപറേഷന്റെ അനുമതികിട്ടിയാലുടൻ സ്ഥലമേറ്റെടുപ്പ്‌ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലേക്ക്‌ കടക്കാനാകും.
 
തുരങ്കപാതയെ യോജിപ്പിച്ച്‌ മറിപ്പുറ റോഡ്‌ 
തിരുവമ്പാടി മണ്ഡലത്തിലെ സ്വർഗംകുന്ന്‌ മുതൽ വയനാട്ടിലെ കള്ളാടിവരെ നീളുന്ന തുരങ്കപാത യോജിപ്പിക്കുന്ന പാതയായാണ്‌ തിരുവമ്പാടി–-മറിപ്പുറ റോഡ്‌ വരുന്നത്‌. പത്ത്‌ മീറ്റർ വീതിയിൽ 18.265 കിലോമീറ്റർ ദൂരത്തിലാകും‌ റോഡ്‌ നിർമിക്കുക. മുത്തപ്പൻപുഴ വരെയുള്ള പിഡബ്ല്യുഡി റോഡും  മറിപ്പുഴവരെയുള്ള റോഡും സംയോജിപ്പിച്ചുള്ള റോഡ്‌ പുല്ലൂരാംപാറ, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ എന്നിവിടങ്ങളിലൂടെ കടന്നുപോകും‌. ഇരുമ്പകം, കാളിയാമ്പുഴ, മുത്തപ്പൻപുഴ, ആനക്കാംപൊയിൽ എന്നിവിടങ്ങളിൽ ഇടത്തരം പാലങ്ങളും നിർമിക്കും. നിലവിലുള്ള ചെറുപാലങ്ങൾ മാറ്റിയാണിത്‌. പുതുതായി 35 കലുങ്കും നിർമിക്കും.
കേരള റോഡ്‌ ഫണ്ട്‌ ബോർഡി(കെആർഎഫ്‌ബി)ന്റെ സാങ്കേതികാനുമതി ലഭിച്ചാൽ മറ്റ്‌ പ്രവർത്തനങ്ങളിലേക്ക്‌ കടക്കാനാകും. ഡിസംബറോടെ പ്രവർത്തനം തുടങ്ങാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
രാമനാട്ടുകര നഗരസഭക്ക് ‌രണ്ടുനില ഓഫീസ്‌ 
പുതിയ നഗരസഭയായ രാമനാട്ടുകരക്ക്‌‌ രണ്ട്‌ നിലയിൽ ആധുനിക സൗകര്യങ്ങളോടെയാണ്‌ ഓഫീസ്‌ സമുച്ചയം നിർമിക്കുന്നത്‌. എട്ട്‌ കോടി രൂപ അനുവദിച്ചു‌. വിശാലമായ ഓഡിറ്റോറിയം, ഓഫീസ്‌ മുറികൾ, കൗൺസിലർമാർക്കുള്ള മുറികൾ, ലിഫ്‌റ്റുകൾ തുടങ്ങി നിരവധി സൗകര്യങ്ങളു ണ്ടാകും

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top