13 July Monday

ഇതൊരു പുതിയ പാഠം

സ്വന്തം ലേഖികUpdated: Tuesday Jun 2, 2020
 
കോഴിക്കോട്‌
തിങ്കളാഴ്ച പുതുഅധ്യയന വര്‍ഷത്തിന്റെ ആദ്യദിനമായിരുന്നു. തിരുവണ്ണൂരിലെ അമേയ രാജിന്റെ ഒന്നാം ക്ലാസിലെ ആ​ദ്യദിനവുമായിരുന്നു. രാവിലെ നേരത്തെ എണീറ്റ്‌ അമേയ കുളിച്ചൊരുങ്ങി. സ്‌കൂളിലെത്തി പുതിയ കൂട്ടുകാരെ നേരിട്ട്‌ കാണാൻ പറ്റാത്ത വിഷമമുണ്ടെങ്കിലും യൂണിഫോമിട്ട് ടാബും നോക്കി ടീച്ചറെ കാത്തിരുന്നു.  മിട്ടുപ്പൂച്ചയുടെയും തങ്കുപ്പൂച്ചയുടെയും കഥ പറഞ്ഞ്‌  ടീച്ചർ എത്തിയതോടെ  കണ്ണുകളിൽ കൗതുകം. ചിരികളികള്‍ നിറച്ച ടീച്ചറുടെ  കഥ കേട്ടതോടെ സ്‌കൂളിൽ പോവാത്തതിന്റെ വിഷമമൊക്കെ മാറി.  കഥയുടെ  ബാക്കി സ്‌കൂളിലെ ടീച്ചർക്ക്‌ പറഞ്ഞുകൊടുക്കാനുള്ള ഒരുക്കത്തിലായി പിന്നയവൾ. ഓൺലൈൻ പഠനത്തിന്റെ ആദ്യദിനത്തിൽ അധ്യയനത്തിന്റെ പുതുമാതൃക കണ്ട ആവേശത്തിലാണ്‌ അമേയയെ പോലെ നിരവധി കുട്ടികൾ. 
വിക്‌ടേഴ്സ് ചാനലിലൂടെ അധ്യാപകര്‍ ക്സാസെടുത്തപ്പോള്‍ പാട്ടും ബഹളവും ബലൂണുമായി ഒന്നാം ക്ലാസിൽ പ്രവേശനം നേടേണ്ടേ കുട്ടികൾ മുതൽ പ്ലസ്‌ടു വിദ്യാര്‍ഥികള്‍വരെ വീട്ടിലിരുന്ന്‌ പുതിയ പാഠാനുഭവങ്ങൾ ജീവിതത്തിലേക്ക്‌ ചേർത്തുവച്ചു.  രാവിലെ എട്ടരമുതൽ വൈകിട്ട്‌ അഞ്ചര വരെ വ്യത്യസ്ത സമയങ്ങളിലായിട്ടായിരുന്നു ക്ലാസുകള്‍. 
  ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പൂച്ചകൾക്ക്‌ നെയ്യപ്പം കിട്ടിയ കഥയാണ്‌ അധ്യാപിക പങ്കിട്ടത്‌.  കഥയുടെ ബാക്കി കുട്ടികൾ പറയണം. അത്‌ സ്‌കൂൾ ഗ്രൂപ്പുകളിൽ ക്ലാസ്‌ ടീച്ചർക്ക്‌ കൈമാറണം. ഇങ്ങനെ പ്ലസ്‌ടു വരെ അര മുതൽ രണ്ടര മണിക്കൂർ വരെ നീളുന്ന ക്ലാസുകൾ. ക്ലാസുകള്‍ വിക്ടേഴ്‌സ്‌ പോർട്ടലിലും ഫേസ്‌ബുക്കിലും തൽസമയം ലഭ്യമാണ്‌. വിക്ടേഴ്‌സിന്റെ യൂട്യൂബ്‌ ചാനലിലും അപ്‌ലോഡ്‌ ചെയ്യുന്നുണ്ട്‌.  ചാനലിലെ ക്ലാസിനുപുറമെ ഓരോ സ്‌കൂൾ ഗ്രൂപ്പുകൾ വഴിയും ഓൺലൈനിൽ പഠന പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്‌. വിദ്യാഭ്യാസ വകുപ്പ്‌ ജില്ലാതലത്തിൽ സമിതി രൂപീകരിച്ചാണ്‌  ഏകോപനം‌. 
പ്രധാന വാർത്തകൾ
 Top