02 July Thursday

പരിമിതികൾ മറികടക്കാൻ കൊളത്തറ വികലാംഗ വിദ്യാലയം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 ഫറോക്ക് 

പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി  ആരംഭിച്ച ഓൺലൈൻ പഠന പരിപാടി   കാഴ്ച, -കേൾവി പരിമിതികളുള്ള കുട്ടികൾക്കുകൂടി പ്രയോജനപ്പെടുത്താനൊരുങ്ങി  കൊളത്തറ  വികലാംഗ വിദ്യാലയം.  പാഠഭാഗങ്ങൾ  പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായി  കൈറ്റിന്റെ പഠന പദ്ധതിയിലൂടെ അവതരിപ്പിക്കും. 
അധ്യയന വർഷാരംഭത്തിൽ തന്നെ ഓൺലൈൻ ക്ലാസ് തുടങ്ങിയെങ്കിലും ഇത്‌ കേൾവിയും കാഴ്ചയുമില്ലാത്ത കുട്ടികൾക്ക് പൂർണാർഥത്തിൽ പ്രയോജനപ്പെടുത്താനാകില്ലെന്ന കാരണത്താലാണ് കൊളത്തറ സ്കൂളിലെ അക്കാദമിക് കോർ കമ്മിറ്റി ആദ്യദിവസം തന്നെ  പുതിയ രീതി അവലംബിക്കാൻ തീരുമാനിച്ചത്. 
ഓൺലൈനിൽ അവതരിപ്പിക്കുന്ന പാഠഭാഗങ്ങൾ പരിശോധിച്ച്,  ചെറു ഭാഗങ്ങളാക്കിയും ആശയ ലാളിത്യത്തിലൂടെയും ആവശ്യമായ ഭേദഗതികൾ വരുത്തി പുത്തൻ തന്ത്രങ്ങൾ മെനഞ്ഞാകും പഠിപ്പിക്കുക. പട്ടിക, ഗ്രാഫ്, ഡയഗ്രം രൂപത്തിലാക്കി  വീഡിയോ, ആനിമേഷൻ സാധ്യതകളും പ്രയോജനപ്പെടുത്തും.  കാഴ്ച പരിമിതിയുള്ളവർക്ക്  കേൾവിയുടെ സാധ്യതയാകും പരമാവധി ഉപയോഗിക്കുക. വിക്ടേഴ്‌സ്‌ ചാനൽ പരിപാടിയുടെ അതേ പാഠഭാഗം തന്നെയായിരിക്കും മാറ്റംവരുത്തി അവതരിപ്പിക്കുകയെന്ന് പ്രധാനാധ്യാപകൻ ടി എ റസാഖ് ദേശാഭിമാനിയോട് പറഞ്ഞു.  പുതിയ പാഠ്യപദ്ധതിക്കായി അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ ഉൾപ്പെടുന്ന വാട്സ്‌ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് എല്ലാ ദിവസവും വൈകിട്ട് അധ്യാപകർ കുട്ടികളുമായി നേരിട്ട് സംവദിക്കും.  ബ്രെയിൽ കോൺട്രാക്ഷനുകൾ പ്രത്യേകമായി പരിശീലിപ്പിക്കും. ഇതോടൊപ്പം ഓൺലൈൻ സംഗീത പഠനവും ആരംഭിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top