09 July Thursday

പുലിയെന്ന് സംശയം ചെമ്പനോടയിൽ അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 പേരാമ്പ്ര

ചെമ്പനോടയിൽ അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു. പുത്തരിപ്പാറയിൽ തേരകത്ത് ചാക്കോയുടെ  വീടിന്‌ സമീപത്തുള്ള കൂട്ടിൽ അടച്ചിട്ട നാല് ആടുകളെയാണ്  ആക്രമിച്ചത്. ഇതിൽ മൂന്നെണ്ണം ചത്തു. ഇതിൽ ഗർഭിണിയായ തള്ളയാട്‌ രക്ഷപ്പെട്ടു.  ആടുകളുടെ കഴുത്തിനാണ്‌  കടിയേറ്റത്.  രാത്രി ഒന്നോടെയാണ് സംഭവം. ആടുകളുടെ കൂട്ടക്കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയപ്പോഴാണ് ആടുകളുടെ ജഡം കാണുന്നത്. തിങ്കളാഴ്ച രാവിലെയോടെ വെറ്ററിനറി ഡോക്ടറെത്തി തള്ളയാടിനെ ചികിത്സക്ക്
വിധേയമാക്കി. 
  പെരുവണ്ണാമൂഴിയിൽനിന്ന് വനം വകുപ്പുകാരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വനാതിർത്തിയോട് ചേർന്ന് ആൾ താമസം കുറഞ്ഞ പ്രദേശമാണിത്. സ്ഥലത്ത് വന്യജീവിയുടെ കാൽപ്പാദങ്ങൾ പതിഞ്ഞിട്ടുണ്ട്. കൂടിന്റെ മുകൾഭാഗം തകർത്ത് ആടുകളെ കഴുത്തുമുറിച്ച് കൊന്നതിനാൽ ജീവി പുലിയാണെന്ന് സംശയിക്കുന്നതായി  ഫോറസ്റ്റ് റെയിഞ്ചർ അഖിൽ നാരായണൻ ‘ദേശാഭിമാനി’യോട് പറഞ്ഞു. എട്ടു മാസംമുമ്പും ഇവിടെ പുലിയെ കണ്ടെത്തിയിരുന്നു. ഈ പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനും പട്രോളിങ് ഊർജിതമാക്കാനും നടപടി തുടങ്ങി. ജീവിയെ തിരിച്ചറിഞ്ഞശേഷം കൂട് സ്ഥാപിക്കും. ആടുകൾ നഷ്ടമായ കുടുംബത്തിന് 5,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ സുനിൽ, ഫ്രാൻസിസ് കിഴക്കരക്കാട്ട്, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സ്ഥലം സന്ദർശിച്ചു.
 
പ്രധാന വാർത്തകൾ
 Top