14 July Tuesday

യുഡിഎഫ്‌ നടത്തുന്നത്‌ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 

താമരശേരി
ഉരുള്‍പൊട്ടലും പ്രളയവും ദുരന്തംവിതച്ച കട്ടിപ്പാറ പഞ്ചായത്തിൽ നടത്തുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാഷ്ട്രീയലക്ഷ്യത്തോടെ യുഡിഎഫ്‌ നടത്തുന്ന പ്രതിഷേധം ജനങ്ങള്‍ തിരിച്ചറിയണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്‌ എന്നിവർ പറഞ്ഞു. വര്‍ഷകാലം ആരംഭിക്കുമ്പോഴേക്കും പൂനൂര്‍ പുഴ കരകവിഞ്ഞ് നാശനഷ്ടങ്ങള്‍ സംഭവിക്കുന്നത്‌ പതിവായതോടെ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് പുഴയിലെ ചെളി നീക്കി ഒഴുക്ക് സുഗമമാക്കന്‍ പദ്ധതിയിട്ടത്.  1, 5, 11, 12, 15 വാര്‍ഡുകളിലെ നിരവധി വീടുകളിൽ മഴക്കാലത്ത്‌ വെള്ളം കയറുന്ന സാഹചര്യത്തില്‍ പഞ്ചായത്തിന്റെ ആവശ്യപ്രകാരമാണ്‌ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേർന്നത്‌. 
പുഴയുടെ ആഴവും വീതിയും വീണ്ടെടുത്താലേ  പ്രശ്‌നത്തിന് പരിഹാരമാകൂ എന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തൽ. ഇതിനെതിരെയാണ് ഇപ്പോൾ യുഡിഎഫ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്‌. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വാര്‍ഡുകളില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി പ്രവൃത്തി ആരംഭിച്ചത്. മൂന്നു വര്‍ഷത്തേക്കുള്ള ഒരു പ്രോജക്ടിന്റെ ഭാഗമായാണ് നവീകരണ ജോലി നടത്തുന്നത്. 
കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഭരണസമിതി ലക്ഷ്യമിട്ടത്. ഇതുപ്രകാരം ദ്രുതഗതിയില്‍ പ്രവൃത്തി മുന്നേറുമ്പോഴാണ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് യുഡിഎഫ് ഈ ജനകീയ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്‌. തൊഴിലുറപ്പു തൊഴിലാളികളോടൊപ്പം യന്ത്രങ്ങളുംകൂടി ഉപയോഗിച്ചാല്‍ മാത്രമേ ജോലി കാര്യക്ഷമമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ. 
പുഴയെ പുനരുജ്ജീവിപ്പിക്കുന്നതിന് പഞ്ചായത്ത് നടപ്പാക്കുന്ന നിരവധി പദ്ധതികളുടെ തുടര്‍ച്ചയാണ് ഈ പ്രവൃത്തി. തീര്‍ത്തും സുതാര്യമായ പദ്ധതിക്കെതിരെ ആരോപണമുന്നയിക്കുന്നവർ ആവശ്യപ്പെടുന്ന ഏത്‌ അന്വേഷണവും നേരിടാന്‍ പഞ്ചായത്ത് തയ്യാറാണെന്നും ഇരുവരും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top