13 July Monday

വേളം പഞ്ചായത്തിന്റെ അനാസ്ഥ; ആയുർവേദ ആശുപത്രി തകർച്ചയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 

കുറ്റ്യാടി 
വേളം പഞ്ചായത്ത്‌ ഭരണസമിതിയുടെ അനാസ്ഥയെ തുടർന്ന്‌  വേളം  ഗവ. ആയുർവേദ ആശുപത്രി ശോച്യാവസ്ഥയിൽ.  ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിച്ച്‌,  ജനങ്ങൾക്കും ജീവനക്കാർക്കും സൗകര്യമൊരുക്കണമെന്ന് ഓരോ വർഷത്തെയും പദ്ധതി രൂപീകരണ സമയത്ത്‌ ആശുപത്രി ജീവനക്കാരും ജനപ്രതിനിധികളും രാഷ്ട്രീപാർടി പ്രതിനിധികളും നിരന്തരം ആവശ്യപ്പെടുകയും പദ്ധതി രൂപീകരിക്കുകയും ചെയ്യും.  എന്നാൽ പദ്ധതി നടപ്പാക്കാൻ തയ്യാറാവാതെ  ഭരണസമിതി അവഗണിക്കുകയാണ്  പതിവ്.  ആശുപത്രിയുടെ പ്രവർത്തനം ജനങ്ങൾക്ക്‌ ഉപകാരപ്രദമാക്കാൻ ആവശ്യമായ നടപടി  കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ട്രോമാ കെയർ വേളം ചാപ്റ്റർ പഞ്ചായത്ത് സെക്രട്ടരിക്കും, ആരോഗ്യ വകുപ്പ് അധികൃതർക്കും അപേക്ഷ നൽകി. 
പൂമുഖം ഭജനമഠത്തിനു സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ അറ്റകുറ്റപ്പണികൾ മുടങ്ങിയിട്ട് വർഷങ്ങളായി.   റോഡില്ലാത്തതിനാലും  കെട്ടിടത്തിനു ചുറ്റും കാടുമൂടിയതിനാലും  രോഗികൾക്ക്‌    ആശുപത്രിയിലേക്ക്‌ എത്താനാകുന്നില്ല.  ആവശ്യത്തിന്‌  ശുചിമുറിയില്ല.  അടുക്കള തകർന്നു.  രോഗികൾക്കും ഡോക്ടർക്കും   മറ്റു ജീവനക്കാർക്കും ഇരിപ്പിടവുമില്ല. ജനലും വാതിലുകളും സാമൂഹ്യവിരുദ്ധർ  തകർത്തു.  ഇവിടെനിന്ന്‌  മരുന്നും മറ്റ് ഉപകരണങ്ങളും മോഷണം പോകുന്നതും പതിവാണ്. ചുറ്റുമതിലും ഗേറ്റും ഇല്ലാത്തതിനാൽ മദ്യപാനികളും സാമൂഹ്യവിരുദ്ധരും ഇവിടെ സുരക്ഷിത താവളമാക്കി.  
 ഞായറാഴ്ച ട്രോമാകെയർ വേളം ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആശുപത്രിയും പരിസരവും നാൽപ്പതോളം വരുന്ന വളന്റിയർമാർ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ അബ്ദുല്ല ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഡോ. സാജിത, കെ പി ഷാജു, ഇ കെ മൂസ, എം പി രജിലേഷ്, മാണിക്കോത്ത് രജിലേഷ്, കൊടുമ അലി എന്നിവരും ആശുപത്രി ജീവനക്കാരും ശുചീകരണത്തിന് നേതൃത്വം നല്കി.
പ്രധാന വാർത്തകൾ
 Top