കോഴിക്കോട്
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാവാൻ കെ സി വേണുഗോപാൽ ഗ്രൂപ്പാവാൻ പലർക്കും മോഹം. മലബാറിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹൻ വേണുഗോപാലിനോട് അടുപ്പമുള്ളയാളായതാണ് കാരണം. ഐ ഗ്രൂപ്പിൽനിന്നാണ് കുത്തൊഴുക്ക് കൂടുതൽ. നേരത്തെ ഐ ഗ്രൂപ്പിലുണ്ടായിരുന്ന വേണുഗോപാൽ ഹൈക്കമാൻഡിലെ സ്വാധീനമുപയോഗിച്ചാണ് പുതിയ ഗ്രൂപ്പിന് രൂപം നൽകിയത്.
കെപിസിസി ഭാരവാഹികളായ കെ പി അനിൽകുമാർ, പി എം നിയാസ് എന്നിവർ നേരത്തെ വേണുഗോപാൽ പക്ഷത്തേക്ക് ചേക്കേറി. കൊയിലാണ്ടിയിൽ സ്ഥാനാർഥിയാവാനുള്ള ഓട്ടത്തിലാണ് അനിൽകുമാർ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നോട്ടമിട്ട കൊയിലാണ്ടിയിൽ സീറ്റിനായി തർക്കം രൂക്ഷമാണ്. ഐ ഗ്രൂപ്പിൽനിന്ന് എൻ സുബ്രഹ്മണ്യൻ, എ ഗ്രൂപ്പിൽനിന്ന് ഡിസിസി പ്രസിഡന്റ് യു രാജീവൻ എന്നിവരാണ് മറ്റുള്ളവർ.
പി എം നിയാസ് പേരാമ്പ്രയിൽ കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഇവിടെ മുൻ ഡിസിസി പ്രസിഡന്റ് കെ സി അബുവും സാധ്യതാ ലിസ്റ്റിലുണ്ട്. അബുവിനെതിരെ ഗ്രൂപ്പ് മറന്ന് എതിർപ്പ് നിലനിൽക്കുകയാണ്. യുവാക്കൾക്കുവേണ്ടി അബു മാറിനിൽക്കണമെന്നാണ് ആവശ്യം.
കെപിസിസി വൈസ് പ്രസിഡന്റും ഉമ്മൻചാണ്ടിയുടെ വിശ്വസ്തനുമായ ടി സിദ്ദിഖ് കൽപ്പറ്റയിൽ മത്സരിക്കാനാണ് കരുക്കൾ നീക്കുന്നത്. കൽപ്പറ്റയിൽ സിദ്ദിഖിനെതിരെ പ്രാദേശിക എതിർപ്പ് രൂക്ഷമാണ്. സിദ്ദിഖ് വന്നാൽ മുൻ വയനാട് ഡിസിസി പ്രസിഡന്റുൾപ്പെടെയുള്ളവർ പാർടി വിടാനൊരുങ്ങിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..