18 January Tuesday
ഇന്ന്‌ ലോക എയ്‌ഡ്‌സ്‌ ദിനം

ഗർഭിണികളിൽനിന്ന്‌ കുഞ്ഞുങ്ങളിലേക്ക്‌ എച്ച്‌ഐവി ബാധ കുറയുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
കോഴിക്കോട്‌ 
അമ്മമാരിൽനിന്ന്‌ കുഞ്ഞുങ്ങളിലേക്കുള്ള എയ്‌ഡ്‌സ്‌ വ്യാപനം ജില്ലയിൽ കുറയുന്നു. 2019–-20 കാലഘട്ടത്തിൽ ഏഴ്‌ ഗർഭിണികൾക്കാണ്‌ പരിശോധനയിൽ എച്ച്‌ഐവി പോസിറ്റീവായത്‌. ഇവരുടെ കുഞ്ഞുങ്ങളെല്ലാം വൈറസ്‌ ബാധയേൽക്കാതെ രക്ഷപ്പെട്ടു. 2020–-21ൽ എട്ട്‌ ഗർഭിണികൾക്ക്‌ വൈറസ്‌ ബാധയുണ്ടായിരുന്നു. ഇവർക്ക്‌ ജനിച്ച ഒരു കുഞ്ഞിനൊഴികെ ബാക്കിയെല്ലാവരും നെഗറ്റീവായി. 2021 ആദ്യം മുതൽ നവംബർ അവസാനം വരെ പോസിറ്റീവായ നാലു ഗർഭിണികൾക്ക്‌ പിറന്ന മക്കളെല്ലാം  നെഗറ്റീവാണ്‌. 
പ്രിവൻഷൻ ഓഫ്‌ എച്ച്‌ഐവി എയ്‌ഡ്‌സ്‌ ഇൻഫക്ഷൻ ഫ്രം മദർ ടു ചൈൽഡ്‌ പദ്ധതി നടപ്പാക്കിയതിനു ശേഷമാണ്‌ ജില്ലയിൽ ഈ മുന്നേറ്റം. ഗർഭാവസ്ഥ ആരംഭിച്ച്‌ മൂന്നു മാസത്തിനുള്ളിൽ വൈറസ്‌ ബാധ കണ്ടെത്തി ചികിത്സയാരംഭിച്ചാൽ കുഞ്ഞുങ്ങളിലേക്ക്‌ വൈറസ്‌ ബാധ വരുന്നത്‌ തടയാനാകുമെന്ന്‌ ജില്ലാ എയ്‌ഡ്‌സ്‌ കൺട്രോൾ ഓഫീസർ ഡോ. പി പി പ്രമോദ്‌ കുമാർ പറഞ്ഞു. 
എച്ച്‌ഐവി വൈറസ്‌ ബാധിക്കുന്ന ഗർഭിണികൾക്കായി മെഡിക്കൽ കോളേജിൽ  ആന്റി റിട്രോ വൈറൽ തെറാപ്പിയാണ്‌ നൽകുന്നത്‌. കുട്ടികൾക്ക്‌ വൈറസ്‌ ബാധയില്ലെന്ന്‌  ഉറപ്പായാൽ മരുന്ന്‌ നിർത്തുകയും ചെയ്യും. നിശ്ചിത സമയം വരെ കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടാനും അമ്മമാർക്ക്‌ സാധിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top