17 January Sunday

കൂടൊരുക്കി കൂടെയുണ്ട്‌

സ്വന്തം ലേഖികUpdated: Tuesday Dec 1, 2020
കോഴിക്കോട്‌
അന്തിയുറങ്ങാനും കുടുംബത്തിനൊപ്പം ചെലവഴിക്കാനും സ്വന്തമായൊരു കൂരയുണ്ടാവുക എന്നത്‌ ആരുടെയും  സ്വപ്‌നമാണ്‌. ഭൂമിയും പണവുമില്ലാതെ ആ സ്വപ്‌നങ്ങൾ ഉള്ളിലടക്കിയവരുടെ മുഖങ്ങളിലിപ്പോൾ ആശ്വാസത്തിന്റെ ചിരിയാണ്‌. അപ്രാപ്യമെന്ന്‌ കരുതിയത്‌ ‘ലൈഫി’ലൂടെ പല കുടുംബങ്ങൾക്കും  സാധ്യമായിരിക്കുന്നു.  ജില്ലയിൽ‌  17,858 വീടുകളിൽനിന്ന്‌  ‌ആശ്വാസത്തിന്റെ നെടുവീർപ്പുകൾ കേൾക്കാം. 
സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ‘ലൈഫ്‌ ’മിഷൻ പദ്ധതിയിലൂടെയാണ്‌  നിർധനരായ ആയിരങ്ങൾക്ക്‌ വീടായത്‌. ഒന്ന്‌, രണ്ട്‌, മൂന്ന്‌ ഘട്ടങ്ങളിലായി അപേക്ഷിച്ച  89.8  ശതമാനം പേരും പുതിയ വീട്ടിൽ താമസം തുടങ്ങി. ഈ ഡിസംബറിനകം 600 വീടുകൾ കൂടി താമസ സജ്ജമാകും. ഭവനപദ്ധതികളിൽ  നിർമാണം ആരംഭിച്ച്‌ പൂർത്തീകരിക്കാനാകാതെ കിടന്നത്‌ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ചതാണ്‌‌ ഒന്നാം ഘട്ടം. 6641 അർഹമായ അപേക്ഷകളിൽ നിർമാണം തുടങ്ങിയതിൽ 6469 വീടുകളും  പൂർത്തിയായി.  ഭൂമിയുണ്ടായിട്ടും വീടുണ്ടാക്കാൻ സാധിക്കാത്തവർക്ക്‌ വീടൊരുക്കുന്നതാണ്‌ രണ്ടാംഘട്ടം. ‌ നിർമാണം തുടങ്ങിയ 5308 ൽ 4621 ഉം പൂർത്തീകരിച്ചു.  
സ്ഥലമില്ലാത്തവർക്ക്‌ ഫ്ലാറ്റ്‌ ഒരുക്കി നൽകുന്നതാണ്‌ മൂന്നാം ഘട്ടം. ഈ ഘട്ടത്തിലേക്ക്‌ അപേക്ഷിച്ചവരിൽ ചിലർക്ക്‌ തദ്ദേശ സ്ഥാപനങ്ങൾ വഴിയും മറ്റും സ്ഥലം ലഭിച്ചിരുന്നു. ഇവരെ രണ്ടാം ഘട്ടത്തിലേക്ക്‌ മാറ്റിച്ചേർത്തു. ഇങ്ങനെ മാറ്റിയ  252 പേരിൽ നൂറ്റെഴുപതോളം പേരുടെ വീടുകൾ നിർമാണത്തിന്റെ അന്തിമഘട്ടത്തിലാണ്‌. പല കുടുംബവും താമസം തുടങ്ങി. പിഎംഎവൈ (അർബൻ), പിഎംഎവൈ(ഗ്രാമീൺ) തുടങ്ങിയവയുമായി ചേർന്ന്‌ 4568 വീടുകളാണ്‌ ഒരുക്കിയത്‌. ഇതിനു പുറമെ പട്ടികജാതി വിഭാഗത്തിൽ 1257, പട്ടികവർഗം 12, ഫിഷറീസ്‌ 311 എന്നിങ്ങനെയും പൂർത്തിയാക്കി. 
മൂന്നാം ഘട്ടത്തിലേക്കായി  നടുവട്ടം, ചാത്തമംഗലം, പുതുപ്പാടി, നടുവണ്ണൂർ എന്നിവിടങ്ങളിലാണ്‌ ഫ്ലാറ്റ്‌ നിർമിക്കുന്നത്‌. നടുവട്ടത്ത്‌ കെയർ ഹോം നിർമാണം പുരോഗമിക്കുകയാണ്‌. മറ്റിടങ്ങളിലും  നിർമാണം ഉടൻ ആരംഭിക്കും. 
കോഴിക്കോട്‌ കോർപറേഷൻ മേഖലയിൽ പ്രവൃത്തി പൂർത്തീകരിച്ചത്‌ 1428 വീടുകളാണ്‌. അർഹരായ 2153 പേർക്കാണ്‌ കരാർ വച്ച്‌ പണി തുടങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top