17 January Sunday

ലീഗ് കോട്ട വിറപ്പിച്ച് വിമതർ; ഭീഷണിയുമായി നേതൃത്വം

സ്വന്തം ലേഖകൻUpdated: Tuesday Dec 1, 2020

 

 
ഫറോക്ക് 
ലീഗിന്റെ  കോട്ടയിൽ വിമതർ ആധിപത്യം നേടുമെന്നുറപ്പായതോടെ വനിതാ സ്ഥാനാർഥികൾക്കും പ്രവർത്തകർക്കുമെതിരെ ഭീഷണിയുമായി നേതാക്കളും  പ്രവർത്തകരും. ഫറോക്ക് നഗരസഭയിൽ പത്താം ഡിവിഷനിൽ വിമതരായി 
മത്സരിക്കുന്ന രണ്ടു വനിതകളും  ഇവരോടൊപ്പം പ്രവർത്തിക്കുന്നവരുമാണ്‌ ലീഗിനെതിരെ  പരാതിയുമായി രംഗത്തെത്തിയത്‌. 
       ബേപ്പൂർ നിയോജക മണ്ഡലത്തിലും ഫറോക്ക് നഗരസഭയിലും വർഷങ്ങളായി നിലനിൽക്കുന്ന ഗ്രൂപ്പ് കളിയുടെ ഭാഗമായി അർഹരായ പലരെയും തഴഞ്ഞിരുന്നു. ഡിവിഷനിൽ ഭൂരിഭാഗമാളുകളും പിന്തുണയ്ക്കുന്നവരെ   തഴഞ്ഞ്  ഗ്രൂപ്പ് നേതാവിന്റെ നോമിനിയെ സ്ഥാനാർഥിയാക്കിയതാണ് വിമതർ  രംഗത്തുവരാനിടയാക്കിയത്. ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന ബുഷ്റ റഹ്മാൻ, ജസീന മാളിയേക്കൽ എന്നിവരാണ് ലീഗിനെതിരെ കടുത്ത ആക്ഷേപങ്ങൾ ഉയർത്തിയത്‌. കുടുംബശ്രീ എഡിഎസ് പ്രസിഡന്റും  വികസന സമിതി കൺവീനറുമായി പ്രവർത്തിച്ചുവരികയായിരുന്നു ബുഷ്റ റഹ്മാൻ. ഇവരെ സ്ഥാനാർഥിയാക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ   ഇവർ കൗൺസിലറുടെ പക്ഷക്കാരിയായതിനാൽ എതിർ ഗ്രൂപ്പുകാരനായ മണ്ഡലം മുൻ പ്രസിഡന്റ്‌ സ്വന്തം ഗ്രൂപ്പിലുള്ളവരെ സ്ഥാനാർഥിയാക്കുകയായിരുന്നു. മുന്നണിക്ക് ഭരണം കിട്ടിയാൽ നഗരസഭാധ്യക്ഷനാകുമെന്ന് പ്രഖ്യാപിച്ച നേതാവ് കൂടുതൽ ഡിവിഷനിലും ഗ്രൂപ്പുകാരെ സ്ഥാനാനാർഥികളാക്കി ആധിപത്യം ഉറപ്പാക്കുകയാണെന്ന്‌‌ വിമതരും തുറന്നടിക്കുന്നു. 
ഡിവിഷൻ വികസന സമിതി കൺവീനർ, കുടുംബശ്രീ ഭാരവാഹി എന്നീ നിലകളിൽ  പ്രവർത്തിക്കുമ്പോഴും  ലീഗിൽ അംഗത്വമുണ്ടായിരുന്നില്ല. എന്നിട്ടും എന്നെയും കൂടെ പ്രവർത്തിക്കുന്നവരെയും ലീഗിൽനിന്നു പുറത്താക്കിയതായി സംസ്ഥാന കമ്മിറ്റിയുടെ പേരിൽ പത്രക്കുറിപ്പിറക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബുഷ്റ റഹ്മാൻ പറഞ്ഞു. വനിതാ ലീഗ് മുനിസിപ്പൽ പ്രസിഡന്റിനെതിരായാണ് ബുഷ്റയും ജസീനയും മത്സരിക്കുന്നത്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയായി ജാസ്മിനയും മത്സരരംഗത്തുണ്ട്.
        അതേസമയം പരമ്പരാഗത പാർടി കോട്ടയിൽ പരാജയം മണത്ത ലീഗിലെ ഒരു വിഭാഗം, പാർടിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർഥികൾക്കൊപ്പം കൂടെ നിൽക്കുന്നവരെ മുഴുവൻ തെരഞ്ഞ് പിടിച്ച് ഭീഷണിപ്പെടുത്തുന്നതിനൊപ്പം പലവിധ വാഗ്ദാനങ്ങൾ നൽകി വശത്താക്കാനും ശ്രമം നടക്കുന്നതായും വിമത വിഭാഗങ്ങൾ ആരോപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top