04 December Wednesday
ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ച്‌ പദ്ധതികൾ

സംരംഭകരായത് 
നാലായിരത്തിലേറെ പേർ

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024
കോഴിക്കോട്‌
എസ്‌എസ്‌എൽസി കഴിഞ്ഞാൽ തൊഴിലിനായി എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ രജിസ്‌റ്റർചെയ്യുന്നവരാണ്‌ ഏറെയും.  ഒരുപക്ഷേ മുഴുവൻ പേരെയും  ജീവനക്കാർ ആക്കിയില്ലെങ്കിലും  സംരംഭകനാക്കാൻ എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ചിനാകും. സംരംഭകത്വം വളർത്താനുള്ള വിവിധ പദ്ധതികളിലൂടെ ജില്ലയിൽ  നാലായിരത്തിലധികം പേർക്കാണ്‌ സ്വന്തമായി വരുമാനം ഉറപ്പാക്കിയത്‌. 
   തുണിക്കട, തയ്യൽ, കാട വളർത്തൽ, ഭക്ഷ്യോൽപ്പാദന യൂണിറ്റുകൾ, സോപ്പ്‌ നിർമാണം, അലങ്കാര വസ്‌തു നിർമാണം തുടങ്ങിയ മേഖലകൾ തുറന്നിട്ടാണ്‌ തൊഴിൽരഹിതർക്ക്‌ വരുമാനം ഉറപ്പാക്കുന്നത്‌. മാസം 10,000 മുതൽ ഒരു ലക്ഷം രൂപ വരെ വരുമാനം  നേടി  വിജയപാതയിലാണ്‌ ഭൂരിപക്ഷം സംരംഭകരും. ഗുണഭോക്താക്കൾക്ക്‌ സംരംഭകത്വ പരിശീലനവും നൽകുന്നുണ്ട്‌. 
     വിധവകൾ, വിവാഹമോചിതർ, അവിവാഹിതർ തുടങ്ങിയവർക്കായി  2016 ൽ തുടങ്ങിയ ശരണ്യ  പദ്ധതിയിലൂടെയാണ്‌ ഏറ്റവും കൂടുതൽ പേർ സംരംഭകരായത്‌.  3295 പേരാണ്‌ വിവിധ സംരംഭങ്ങൾ തുടങ്ങി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്‌.  കെസ്‌റു(കേരള സ്‌റ്റേറ്റ്‌ എംപ്ലോയ്‌മെന്റ്‌ സ്‌കീം ഫോർ ദി രജിസ്‌റ്റേർഡ്‌ അൺ എംപ്ലോയിഡ്‌ ) ഇതുവരെ 866 പേർ വിവിധ സംരംഭങ്ങൾ തുടങ്ങി. മുതിർന്ന പൗരന്മാർക്കായി  2020 ൽ തുടങ്ങിയ നവജീവൻ എന്ന പദ്ധതിയിൽ 119 പേരും സ്വയം തൊഴിൽ കണ്ടെത്തി. മൾട്ടിപർപ്പസ്‌ സർവീസ്‌ സെന്റേഴ്‌സ്‌/ ജോബ്‌ ക്ലബ്ബിലൂടെ 66 പേരാണ്‌ സംരംഭം തുടങ്ങിയത്‌.   നിശ്‌ചിത വിഹിതം അനുവദിച്ചതിനാൽ  എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ രജിസ്‌റ്റർചെയ്‌ത ആർക്കും  വരുമാനമുൾപ്പെടെയുള്ള  മാനദണ്ഡപ്രകാരം അപേക്ഷിച്ചാൽ  സംരംഭം തുടങ്ങാം.  വിവരങ്ങൾക്ക്‌ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0495 -2370179.
പ്രധാന പദ്ധതികളും 
യോഗ്യതയും മാനദണ്ഡങ്ങളും 
 ശരണ്യ:  സ്‌ത്രീകൾക്ക്‌  മാത്രമായുള്ള പദ്ധതിയാണിത്‌.  18 നും 55നും മധ്യേ ഉള്ള  വിധവകൾ, വിവാഹമോചിതർ, ഭർത്താവ്‌ ഉപേക്ഷിച്ചവർ, രോഗികൾ, 30 വയസ്സ്‌‌ കഴിഞ്ഞ അവിവാഹിതർ തുടങ്ങിയവർക്ക്‌ 50,000 രൂപവരെ പലിശ രഹിത വായ്‌പ. ഇതിന് മുകളിലുള്ള തുകയ്‌ക്ക്‌ മൂന്ന്‌ ശതമാനം പലിശ
മൾട്ടി പർപ്പസ്‌ ‌ സർവീസ്‌ സെന്റേഴ്‌സ്‌/ ജോബ്‌ ക്ലബ്‌
   21നും 45 ഇടയിൽ പ്രായമുള്ളവർക്ക്‌ 10 ലക്ഷം രൂപ വരെ വായ്‌പ. സംവരണ വിഭാഗത്തിന്‌ വയസ്സിൽ ഇളവ്‌. രണ്ട്‌ ലക്ഷം രൂപ വരെ സബ്‌സിഡി.
കെസ്‌റു 
21നും 50 നും ഇടയിൽ പ്രായമുള്ളവർക്ക്‌ ഒരു ലക്ഷം രൂപവരെ. 20 ശതമാനം സബ്‌സിഡി. 
കൈവല്യ
  21നും 55 നും ഇടയിൽ പ്രായമുള്ള   ഭിന്നശേഷിക്കാർക്ക്‌ 50,000 രൂപ മുതൽ ഒരു ലക്ഷം വരെ പലിശ രഹിത വായ്‌പ. 25,000 രൂപ വരെ സബ്‌സിഡി. 
നവജീവൻ
  50നും 65നും ഇടയിൽ പ്രായമുള്ളവർക്ക്‌ 50000 രൂപവരെ വായ്‌പ. 25 ശതമാനം സബ്‌സിഡി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top