04 August Tuesday
വനിതാ സംഘത്തിന്റെ പേരില്‍ സാമ്പത്തിക തിരിമറി

മുസ്ലിംലീഗ് വനിതാ നേതാവിനെതിരെ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
കൊടുവള്ളി
വനിതാ സംഘത്തിന്റെ പേരില്‍ സ്ത്രീകളെ കബളിപ്പിച്ച് പണം പിരിച്ചെടുത്ത് വന്‍തുക തിരിമറി നടത്തിയ സംഭവത്തിൽ മുസ്ലിംലീഗ് വനിതാ നേതാവിനെതിരെ അന്വേഷണം. ലീഗിന്റെ നേതൃത്വത്തിലുള്ള ഹരിത സ്‌നേഹസംഘം പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന്‌ വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പദ്ധതിയുടെ ചുമതല വഹിക്കുന്ന ജനപ്രതിനിധി കൂടിയായ ലീഗിന്റെ വനിതാ നേതാവടക്കമുള്ളവരെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തു. സംഘത്തിന്റെ പേരില്‍ സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി കൂട്ടായ്മ ഉണ്ടാക്കുകയും വ്യത്യസ്ത യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് 10 മുതല്‍ 20 വരെ പേരുള്ള 150 ഓളം യൂണിറ്റുകള്‍ ഉണ്ടാക്കുകയുംചെയ്‌തു. തുടര്‍ന്ന് 3000-ത്തോളം വനിതകളെ ഉള്‍പ്പെടുത്തി കൂട്ടായ്മ സംഘടിപ്പിച്ച് 50 രൂപ മുതല്‍ 1500 രൂപവരെ എന്ന നിലയില്‍ അംഗങ്ങളില്‍ നിന്ന് എല്ലാ ആഴ്ചയും   പിരിച്ചെടുത്ത്‌ 70 ലക്ഷം രൂപയോളം ശേഖരിച്ചതായി പരാതിയില്‍ പറയുന്നു. പിരിച്ചെടുക്കുന്ന തുക മുസ്ലിംലീഗ് കൊടുവള്ളി നഗരസഭാ ഓഫീസിനു താഴെ പ്രവര്‍ത്തിക്കുന്ന സ്‌നേഹസംഘത്തിന്റെ ഓഫീസിലെ ജീവനക്കാരി വാങ്ങി നഗരസഭാ മുസ്ലിംലീഗ് കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറുകയും ചെയ്യുകയാണ് പതിവ്. 
കൃത്യമായി കണക്ക് സൂക്ഷിക്കുകയോ ഓഡിറ്റ് ചെയ്യുകയോ വനിതകളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയോ ചെയ്തതിന് തെളിവില്ലെന്നും പരാതിയില്‍ പറയുന്നു. ബൈലോ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളല്ല സംഘത്തിന്റെ പേരില്‍ നടക്കുന്നത്. പിരിച്ച പണം ഏതാനും മുസ്ലിംലീഗ് പ്രാദേശിക നേതാക്കളുടെ പേരില്‍ അക്കൗണ്ട് എടുത്ത്, ചെറിയ അളവിലുള്ള പണം മാത്രം നിക്ഷേപിക്കുകയാണ് ചെയ്തത്. പിരിച്ചെടുത്ത പണം യഥാസമയം ബാങ്കില്‍ അടയ്ക്കാതെ ലീഗ് നേതൃത്വം ബിസിനസ് കാര്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന ഗുരുതരമായ ആരോപണവും പരാതിയിലുന്നയിക്കുന്നു. 
സ്ത്രീകളെ കബളിപ്പിച്ച് പണം പിരിച്ചെടുത്ത് വന്‍തുക തിരിമറി നടത്തിയ നഗരസഭാ മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ വിശദമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top