07 August Friday

പോരാടി നേടിയ വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 

ഫറോക്ക് 
  കൊളത്തറ വികലാംഗ വിദ്യാലയത്തിന് തുടർച്ചയായി പന്ത്രണ്ടാം വർഷവും  എസ്എസ്എൽസി പരീക്ഷയിൽ  നൂറുശതമാനം വിജയം. ബധിരരായ ആറ് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇവിടെ താമസിച്ച് ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിൽ പരീക്ഷ എഴുതിയ കാഴ്ച പരിമിതിയുള്ള പെൺകുട്ടിയും വിജയിച്ചു. 
മറ്റു പൊതു വിദ്യാലയങ്ങളിലെ പരിമിതിയുള്ള കുട്ടികൾക്ക് ലഭിക്കുന്ന സ്ക്രൈബ്, ആംഗ്യഭാഷാ പരിഭാഷകൻ, അധികമാർക്ക്, അധികസമയം തുടങ്ങിയവയൊന്നും ഈ  പരീക്ഷാർഥികൾക്ക് അനുവദനീയമല്ല. മിക്ക കുട്ടികളും ഹോസ്റ്റലിൽ താമസിക്കുന്നവരായതിനാൽ രാത്രി സമയങ്ങളിലടക്കം പ്രത്യക ക്ലാസുകളും പരിശീലനവും നൽകിയാണ്‌ വിജയം നേടിയത്‌. ലോക്ക് ഡൗൺ കാലയളവിൽ പ്രത്യേക വാട്സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു  കുട്ടികൾക്ക് പരിശീലനം നൽകിയത്. കുട്ടികളുടെ കഠിനാധ്വാനവും രക്ഷിതാക്കളും മാനേജ്മെന്റും നൽകിയ പിന്തുണയുമാണ് തുടർച്ചയായുള്ള സമ്പൂർണ വിജയത്തിന്റെ മുഖ്യ കാരണമെന്ന് പ്രധാനാധ്യാപകൻ ടി അബ്ദുൽ റസാക്ക് പറഞ്ഞു. 
റഹ്മാനിയ സ്‌പെഷ്യൽ സ്‌കൂളിൽ പരീക്ഷയെഴുതിയ 13 കുട്ടികളും മികച്ച വിജയം നേടി. സ്‌കൂളിലെ വി രഞ്ജു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും കരസ്ഥമാക്കി. 30ാം തവണയാണ്‌ സ്‌കൂൾ സമ്പൂർണ ജയം നേടുന്നത്‌. 
കരുണ സ്പീച്ച് ആൻഡ്‌ ഹിയറിങ്‌ ഹയർ സെക്കൻഡറി സ്‌കൂളിന്‌ 30ാം തവണയും നൂറ്‌ ശതമാനം വിജയമുണ്ട്‌. നാല്‌ പെൺകുട്ടികളടക്കം 11 പേരാണ് പരീക്ഷ എഴുതിയത്. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top