14 August Friday

ലക്ഷ്‌മിയുടെ ചിരിക്ക്‌ എ പ്ലസ്‌ തിളക്കം

സുജിത്‌ബേബിUpdated: Wednesday Jul 1, 2020
കോഴിക്കോട്‌ 
കംപ്യൂട്ടർ സ്‌ക്രീനിൽനിന്ന്‌ കണ്ണുമാറ്റാതെ ലക്ഷ്‌മിനന്ദ പറഞ്ഞു. ‘‘എല്ലാം എ പ്ലസ്സാണമ്മേ’’... ചക്രക്കസേരയിൽ കറങ്ങിത്തീരാനല്ല ജീവിതമെന്ന നിശ്ചയദാർഢ്യത്തിൽ കുതിക്കുന്ന ‌ ലക്ഷ്‌മിനന്ദയ്‌ക്ക്‌ എസ്‌എസ്‌എൽസി ഫലം വന്നപ്പോൾ നൂറിൽ നൂറ്‌ സന്തോഷം. ഒന്നര വയസ്സിൽ ട്രാൻസ്‌വേഴ്‌സ് മൈലൈറ്റിസ്‌ ബാധിച്ച്‌‌ അരയ്‌ക്കുതാഴെ തളർന്ന ലക്ഷ്‌മി എല്ലാ പരിമിതികളെയും തോൽപ്പിച്ചാണ്‌ വിജയച്ചുവട്‌ വയ്‌ക്കുന്നത്‌.    
മാങ്കാവ്‌ തോട്ടുമ്മാരം സ്വദേശി നന്ദകുമാറിന്റെയും സുചിത്രയുടെയും മകളാണ്‌ നടക്കാവ്‌ ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ ലക്ഷ്‌മി. ഒരു വയസ്സിന്‌ മുന്നേ ഓടിനടന്ന അവളുടെ കാലുകൾ ക്രമേണ തളർന്നു. ഒന്നര വയസ്സുള്ളപ്പോഴാണ്‌ അപൂർവരോഗമുണ്ടെന്ന്‌ തിരിച്ചറിഞ്ഞത്‌. ഏറെക്കാലത്തെ ചികിത്സയ്‌ക്കൊടുവിൽ എഴുന്നേറ്റിരിക്കാനായി. അതോടെ ചക്രക്കസേരയിൽ അക്ഷരമുറ്റത്തേക്ക്‌.  കൂട്ടുകാരുടെയും അധ്യാപകരുടെയും സ്‌നേഹവലയത്തിൽ പഠനം മധുരമായി.
 കോവിഡ്‌  അടച്ചിടൽ കാലത്ത്‌  നടന്ന ഫിസിക്‌സ്‌ പരീക്ഷ ഇത്തിരി കുഴപ്പിച്ചു.  ഫലം വന്നതോടെ ആശംസകളുമായി . കൂട്ടുകാരും അധ്യാപകരും ബന്ധുക്കളുമെല്ലാം വിളിക്കുന്നുണ്ട്‌. ഹനാൻ ഹാരിസ്‌, ഹിബ ലൈല, ജാൻവി പി രാജ്‌, ഫർഷ താരിഖ്‌ തുടങ്ങി എപ്പോഴും ഒന്നിച്ചുണ്ടാകുന്ന കൂട്ടുകാർക്കും ഫുൾ എപ്ലസ്‌ കിട്ടിയത്‌  മിടുക്കിയുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു‌. പ്ലസ്‌വണ്ണിന്‌ കംപ്യൂട്ടർ സയൻസ്‌ എടുത്ത് പഠിക്കാനാണ്‌ താൽപ്പര്യം. എന്താകാനാണ്‌ ആഗ്രഹമെന്ന്‌ ചോദിക്കുന്നവരോട്‌ അതിനൊക്കെ ഇനിയും സമയമുണ്ടല്ലോയെന്ന്‌ പറഞ്ഞ്‌ നിറഞ്ഞുചിരിക്കുന്നു ലക്ഷ്‌മി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top