14 August Friday

17 പോക്സോ പ്രത്യേക കോടതി ഉദ്‌ഘാടനംചെയ്‌തു

സ്വന്തം ലേഖകൻUpdated: Wednesday Jul 1, 2020

 

 
തിരുവനന്തപുരം \ കോഴിക്കോട്‌ 
പോക്സോ, ബലാത്സംഗ കേസുകളിലെ വിചാരണ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള 17 പ്രത്യേക ഫാസ്റ്റ് ട്രാക്‌ കോടതികൾ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ചേർന്ന്  ഓൺലൈനായി  ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി കോടതികളാണ്‌ ഇതിൽ ഉൾപ്പെടുന്നത്‌. ബുധനാഴ്‌ച പ്രവർത്തനം ആരംഭിക്കും. കോഴിക്കോട് ജില്ലാ കോടതിയിലായിരുന്നു വെർച്വൽ ഉദ്ഘാടനം. 
   28 പ്രത്യേക കോടതികൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചത്. അതിൽ 17 എണ്ണമാണ് ഇപ്പോൾ തുടങ്ങുന്നത്. 2020 മാർച്ച് 31 വരെ സംസ്ഥാനത്ത് 7600 പോക്സോ കേസും 6700 ബലാത്സംഗ കേസും നിലവിലുണ്ട്. കുട്ടികൾക്കെതിരായുള്ള അക്രമങ്ങൾക്കു പിന്നിൽ സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ കാരണങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവ സമഗ്രമായി വിലയിരുത്തി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്.  ഈയിടെ കേരള പൊലീസ്‌ നടത്തിയ  റെയ്ഡിൽ ഒരു ഡോക്ടറുൾപ്പെടെ 89 പേരാണ് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക്‌ അറസ്റ്റിലായത്‌. സ്വന്തം വീടുകളിൽപ്പോലും  കുഞ്ഞുങ്ങൾക്ക് അതിക്രമം നേരിടേണ്ടിവരുന്നു. ഓപ്പറേഷൻ പി- ഹണ്ടിലൂടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്. അതിനായി ഇന്റർപോളിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 മന്ത്രിമാരായ എ കെ ബാലൻ,  കെ കെ ശൈലജ, ഹൈക്കോടതി ജഡ്ജിമാരായ സി ടി രവികുമാർ, എ എം ഷെഫീഖ്, കെ വിനോദ് ചന്ദ്രൻ, എ ഹരിപ്രസാദ്, അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി അരവിന്ദ് ബാബു, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top