13 July Monday

ജില്ലയിലെ ആദ്യ കോവിഡ്‌ മരണം

സ്വന്തം ലേഖകൻUpdated: Monday Jun 1, 2020
കോഴിക്കോട്
ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് ഞായറാഴ്ച റിപ്പോർട്ട്‌ ചെയ്തത്. മാവൂർ സ്വദേശി സുലൈഖ (55) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിൽനിന്ന് മെയ് 20ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ സുലൈഖയും ഭർത്താവും കോഴിക്കോട്ടെ പ്രത്യേക കോവിഡ് കെയർ സെന്ററിലായിരുന്നു. 22ന് ഭർത്താവിനെ അസ്വസ്ഥതയെതുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് 24ന് സുലൈഖയെ വീട്ടിൽ ക്വാറന്റൈനിലാക്കി. 
രോഗലക്ഷണത്തെതുടർന്ന് 25ന് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുലൈഖക്ക്‌  27നാണ് രോഗം സ്ഥിരീകരിച്ചത്. 28ന് ഐസിയുവിലേക്ക് മാറ്റി. പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടർന്നു. എന്നാൽ ഞായറാഴ്ച സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.  
മലപ്പുറം, കണ്ണൂർ, വയനാട് സ്വദേശികൾ നേരത്തേ കോഴിക്കോട്ട് ചികിത്സയിലിരിക്കേ മരിച്ചിരുന്നു. മെയ് 24നാണ്‌ വയനാട്‌ സ്വദേശിയായ ആമിന (53) മരിച്ചത്. ഇൗ ഞെട്ടൽ മാറും മുമ്പേ തൊട്ടടുത്ത ദിവസം കണ്ണൂർ ധർമടം സ്വദേശി ആസിയ(61)യും മരിച്ചു‌. 
മസ്‌തിഷ്‌കാഘാതത്തെ തുടർന്ന്‌ 2002 മുതൽ ചികിത്സയിലായിരുന്ന ആസിയ ഒരുമാസമായി തലശേരി സഹകരണ ആശുപത്രിയിലും തുടർന്ന്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു.  
17ന്‌ സ്വകാര്യ ആശുപത്രിയിലെത്തിയ ആസിയയെ കോവിഡ് ലക്ഷണത്തെ തുടർന്നായിരുന്നു മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്. ഇവർക്ക്‌ രോഗം പിടിപെട്ടത്‌ എവിടെ നിന്നെന്നതിൽ ഇതുവരെയും വ്യക്തതയില്ല. ഇവരുടെ വീട്ടിലെ ഏഴുപേർക്ക്‌ രോഗം സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക സമ്പർക്കമുണ്ടായ അറുപതോളം പേർ നിലവിൽ നിരീക്ഷണത്തിലാണ്‌.
ദുബായിൽ നിന്ന്‌ ചികിത്സക്കായി എത്തിയ കൽപ്പറ്റ സ്വദേശിനി ആമിനയെ കൊച്ചിയിൽ നിന്ന്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ മെഡി. കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക്‌ മറ്റാരുമായി സമ്പർക്കമില്ലായിരുന്നു. എന്നാൽ ആസിയയുടെ രോഗ ഉറവിടം സംബന്ധിച്ചും‌ വ്യക്തതയില്ലായിരുന്നു‌. കോവിഡ്‌ ബാധിച്ച്‌ മെഡി. കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ്‌ ഹൃദയാഘാതത്തെ തുടർന്ന്‌ ഏപ്രിൽ 24നും‌ മരിച്ചിരുന്നു.
നിലവിൽ മൂന്ന് കാസർകോട്‌ സ്വദേശികളും രണ്ട് കണ്ണൂർ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു തൃശൂർ സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരു തൃശൂർ സ്വദേശി എം വി ആർ ക്യാൻസർ സെന്ററിലും ചികിത്സയിലുണ്ട്. 
പ്രധാന വാർത്തകൾ
 Top