14 July Tuesday

ചെങ്ങോടുമല ഖനനം: ബിജെപിയിൽ ചേരിപ്പോര്

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
ബാലുശേരി 
ചെങ്ങോടുമല ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ പ്രാദേശിക നേതൃത്വത്തിന്റെ പ്രതിഷേധം വകവയ്ക്കാതെയുള്ള ബിജെപി സംസ്ഥാന സെക്രട്ടറി കെ പി പ്രകാശ് ബാബുവിന്റെ സന്ദർശനത്തിനെതിരെ പ്രവർത്തകർക്കിടയിൽ വ്യാപക പ്രതിഷേധം. സിപിഐ എം അവിടനല്ലൂർ ലോക്കൽ സെക്രട്ടറിക്കെതിരെ വ്യാജ നോട്ടീസ് വിതരണം ചെയ്തതിന്റെ പേരിൽ മർദനമേറ്റെന്ന് പറയുന്ന ദിലീഷ് കുമാർ അരീക്കരയെ സന്ദർശിച്ചതിനെതിരെയാണ്‌ പ്രതിഷേധം വ്യാപകമായത്‌. 
ബിജെപി പഞ്ചായത്ത് ഘടകങ്ങളിലും അണികൾക്കിടയിലും പ്രതിഷേധം ശക്തമാണ്. ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌, മുൻ മണ്ഡലം പ്രസിഡന്റ്‌, മുൻ പഞ്ചായത്ത് പ്രസിഡന്റ്,  ഭാരവാഹികൾ എന്നിവർക്കെതിരെ ആരോപണങ്ങളുന്നയിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന്‌  ദിലീഷ് കുമാറിനെ പാർടി അച്ചടക്ക നടപടിയെടുത്ത്‌ പുറത്താക്കിയതാണ്. 
ആർഎംപി പ്രവർത്തകർക്കൊപ്പം ചേർന്ന് പാർടിക്കെതിരെയും നേതാക്കൾക്കെതിരെയും  മറ്റു രാഷ്ട്രീയ നേതാക്കൾക്കെതിരെയും നിരന്തരമായി പ്രചാരണം നടത്തുന്ന ദിലീഷിനെ ബിജെപി പ്രവർത്തകർ മാറ്റിനിർത്തിയ സന്ദർഭത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ സന്ദർശനം. ദിലീഷിനെ സംരക്ഷിക്കുന്ന സംസ്ഥാന സെക്രട്ടറിയുടെ ഔദ്യോഗിക പരിപാടികളിൽ ശക്തമായ പ്രതിഷേധമുയർത്താനാണ് പ്രവർത്തകരുടെ തീരുമാനം.
പ്രാദേശിക നേതൃത്വത്തിന്റെ അനുമതിയില്ലാതെ യുവമോർച്ച മുൻ സംസ്ഥാന പ്രസിഡന്റുകൂടിയായ പ്രകാശ് ബാബു ചെങ്ങോടുമല സമരമുൾപ്പെടെയുള്ള പരിപാടികളിൽ നിരന്തരം പങ്കെടുക്കുന്നതിനെതിരെ ബിജെപിയിൽ വലിയ എതിർപ്പുയർന്നിട്ടുണ്ട്. പ്രാദേശിക ഘടകങ്ങളെ നോക്കുകുത്തികളാക്കുന്ന നടപടിയിൽ ജില്ലാ, മണ്ഡലം കമ്മിറ്റികളിൽ ഉൾപ്പെടെ രൂക്ഷമായ എതിർപ്പുണ്ട്. മണ്ഡലത്തിൽനിന്നും മറ്റു പഞ്ചായത്തുകളിൽ നിന്നുമുള്ള സ്വന്തം ഗ്രൂപ്പുകാരെ കൂടെ കൊണ്ടുനടക്കുന്നതും പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പാർടി സംവിധാനം അട്ടിമറിച്ച് ജില്ലയിൽ ഒറ്റയാൾ പോരാട്ടം നടത്താനാണ് ശ്രമമെന്നാണ്‌ പ്രവർത്തകരുടെ ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം നാട്ടിൽ പോലും ഒരു പ്രവർത്തനവും നടത്താതെ ആർഎംപിയുമായി കൂട്ടുചേർന്ന് യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി ചരടുവലിച്ചതിന് ബിജെപി പഞ്ചായത്ത് നേതൃത്വം ദിലീഷിനെതിരെ പരാതി നൽകിയിരുന്നു. 
കഴിഞ്ഞ ദിവസം കോട്ടൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ആർഎംപി–-യുഡിഎഫ്  സത്യഗ്രഹ സമരത്തിൽ ബിജെപി നേതൃത്വം അറിയാതെയാണ് ദിലീഷിനോടൊപ്പം പ്രകാശ് ബാബു പങ്കെടുത്തത്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ദിലീഷിനെതിരെയും സംഘടനാ വിരുദ്ധർക്ക് പ്രോത്സാഹനം നൽകുന്ന സംസ്ഥാന സെക്രട്ടറിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ്‌ ബിജെപി കോട്ടൂർ പഞ്ചായത്ത് നേതൃത്വത്തിന്റെ ആവശ്യം.
പ്രധാന വാർത്തകൾ
 Top