02 June Friday

നഗരങ്ങളിൽ രാപാർക്കുന്ന 
ചിത്രപ്രതിഭ

സ്വന്തം ലേഖകൻUpdated: Saturday Apr 1, 2023

കോഴിക്കോട് ബീച്ചിലിരുന്ന് ചിത്രങ്ങൾ വരയ്ക്കുന്ന ജയൻ

കോഴിക്കോട്‌
ഇരുപത്‌ വർഷം മുമ്പ്‌ കോഴിക്കോട്‌ കെട്ടിട നിർമാണ ജോലിക്ക്‌ എത്തിയതാണ്‌ ആലപ്പുഴ പുന്നപ്ര സ്വദേശി പുതുവീട്ടിൽ ജയൻ. ജോലിക്കിടെ  വീണ്‌ ഗുരുതര പരിക്കേറ്റു. ആറുമാസത്തെ ചികിത്സ. പിന്നീട്‌ ജോലിക്ക്‌ പോകാനായില്ല. ആ ഒറ്റപ്പെടലിൽ ചിത്രരചന കൂട്ടിനെത്തി. കേരളത്തിലെ നഗരങ്ങളിലും കടപ്പുറങ്ങളിലുമായി ചിത്രരചനയുമായി കറങ്ങി. ഒരു വർഷമായി കോഴിക്കാട്‌ ബീച്ചിൽ സ്ഥിരമാക്കി. തത്സമയ  ചിത്രങ്ങളും ഛായാചിത്രങ്ങളും വരച്ച്‌ സഞ്ചാരികളുടെ മനം കവരുകയാണ്‌ ഈ കലാകാരൻ. 
പറവൂർ അപ്പർ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ ചിത്രരചനയിൽ ജയന്‌ കമ്പമുണ്ട്‌. പാഠപുസ്‌തക ചിത്രങ്ങൾ വരച്ചായിരുന്നു തുടക്കം.  അറവുകാട്‌ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ  പഠനം ഉപേക്ഷിച്ച്‌ കെട്ടിട നിർമാണജോലിക്കിറങ്ങി. അപകടം ആ വഴി മുടക്കി. ചിത്ര രചനയുമായി നഗരങ്ങളിലേക്കിറങ്ങി. ഛായാചിത്രങ്ങൾ മാത്രം വരച്ചിരുന്ന ജയനെ തലശേരിയിലെ സ്‌കൂൾ വിദ്യാർഥിയാണ്‌ തത്സമയ ചിത്രരചനക്ക്‌ നിർബന്ധിച്ചത്‌. സംഗതി ക്ലിക്കായതോടെ ആ വഴി തെരഞ്ഞെടുത്തു.  100 രൂപയാണ്‌ പ്രതിഫലം. ഛായാ ചിത്രങ്ങൾക്ക്‌ 500 രൂപ.  
ഇതിനകം നിരവധി പ്രമുഖരുടെ ചിത്രങ്ങൾ വരച്ചു നൽകി. ജസ്‌റ്റിസ്‌ വി ആർ കൃഷ്ണയ്യർ, കലാഭവൻ മണി, സുരാജ്‌ വെഞ്ഞാറമൂട്‌, കെ എം മാണി, ജോസ്‌ കെ മാണി, മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, മേയർ ബീന ഫിലിപ്പ്‌ എന്നിവർക്ക്‌ ചിത്രങ്ങൾ വരച്ചു നൽകി. 
മോഹൻ ലാലിന്റെ ചിത്രം വരച്ചു കരുതിവെച്ചിട്ടുണ്ട്‌. എന്നെങ്കിലും നൽകാനാകുമെന്നാണ്‌ പ്രതീക്ഷ. 
കുടുംബവകയിൽ ലഭിച്ച സ്ഥലം മകൾ ദേവുവിന്റെ വിവാഹത്തിന്‌ വിറ്റു. ഇതോടെ   കിടപ്പാടമില്ലാതായി. ഭാര്യ ലത ചവിട്ടി നിർമാണ ജാേലിയുമായി ആലപ്പുഴ കളറോഡിലെ സ്വന്തം വീട്ടിലാണ്‌ താമസം. ജയൻ നഗരങ്ങളിൽ രാപാർത്ത്‌ ജീവിതം തള്ളിനീക്കി. ഇപ്പോൾ വെള്ളയിൽ ഹോട്ടലിലാണ്‌ രാത്രി താമസം.  ഫോൺ: 9745251572.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top