25 March Saturday

വീൽചെയറിലെ പ്രണയപ്പാതികൾക്ക്‌ 
അവരുടെ സ്‌നേഹപ്പുടവ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

ലയജയും സിജിയും അമ്മമാർക്കൊപ്പം

കോഴിക്കോട്‌  
ധനലക്ഷ്‌മിയും മാധവും കൈമാറിയ വിവാഹവസ്‌ത്രങ്ങളണിഞ്ഞാണ്‌ വീൽചെയറിൽനിന്ന്‌ പുതുജീവിതത്തിലേക്ക്‌ സിജിയും ലയജയും ചുവടുവയ്‌ക്കുന്നത്‌. ഒന്നരവയസ്സിൽ പോളിയോ ബാധിച്ച്‌ വീൽചെയറിൽ തളച്ചിടപ്പെട്ട കോഴിക്കോട്ടുകാരിയായ ലയജയും വീഴ്‌ചയിൽ ശരീരം  തളർന്ന ഇടുക്കിക്കാരൻ സിജി ജോസഫും ഒന്നാവുന്നത്‌ ലോകത്തിന്റെ പലയിടങ്ങളിൽനിന്നുള്ള മനുഷ്യരുടെ കരംപിടിച്ചാണ്‌. മതവും അതിരുകളും  പരിമിതികളുമില്ലാത്ത  മനുഷ്യസ്‌നേഹത്തിന്റെ  പാട്ടുകളാവുകയാണ്‌ ഈ പ്രണയപ്പാതികൾ.  
 സംസ്ഥാന സർക്കാരിന്റ ഉജ്വലബാല്യം പുരസ്‌കാര ജേതാക്കളായ കാസർകോട്‌ ചെറുവത്തൂരിലെ സി ധനലക്ഷ്‌മിയും ഇടുക്കി അടിമാലിയിലെ മാധവും പുരസ്‌കാര തുകയിൽനിന്നാണ്‌ വധൂവരന്മാരുടെ വിവാഹവസ്‌ത്രങ്ങളും ലയജയുടെ അമ്മയ്‌ക്കുള്ള വസ്‌ത്രങ്ങളും സമ്മാനിക്കുക. 23ന്‌ ഇടുക്കി പെരുമ്പൻകുന്നിലെ റിസോർട്ടിലാണ്‌ ലളിതമായ വിവാഹച്ചടങ്ങ്‌. വിവാഹത്തിന്‌ മുന്നോടിയായി തലയാട്‌ സെന്റ്‌ ജോർജ്‌ പാരിഷ്‌ ഹാളിൽ 19ന്‌ നടക്കുന്ന ഒത്തുചേരലിലാണ്‌ വിവാഹവസ്‌ത്രം കൈമാറുക. 
 സാന്ത്വനപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്‌മയായ കൂട്ടത്തിലെ അംഗങ്ങളാണ്‌ സിജിയും ലയജയും. ഈ കൂട്ടായ്‌മയിലെ സൗഹൃദമാണ്‌ വിവാഹത്തിലെത്തുന്നത്‌. അടിമാലി മാങ്കുളം സ്വദേശിയായ സിജി ജോസഫി(47)ന്‌ മരത്തിൽനിന്ന്‌ വീണാണ്‌ ശരീരം തളർന്നത്‌. വർഷങ്ങളുടെ ചികിത്സയ്‌ക്കുശേഷം കാലിഫറിന്റെയും വാക്കറിന്റെയും സഹായത്തോടെ ഏതാനും ചുവട്‌ വയ്‌ക്കാവുന്ന നിലയിലെത്തി. ഒന്നരവയസ്സിൽ പിടികൂടിയ പോളിയോ മൂലമാണ്‌ തലയാട്‌ സ്വദേശിനിയായ ലയജ(44)യുടെ കാലുകൾ തളർന്നത്‌. വീൽച്ചെയറിലിരുന്ന്‌ കുടയും ആഭരണങ്ങളും നെറ്റിപ്പട്ടവും നിർമിച്ചും തയ്യൽ ജോലിചെയ്‌തും അതിജീവനപ്പോരാട്ടം നയിക്കുകയാണിവർ. തൊഴിലുറപ്പ്‌ തൊഴിലാളിയായ അമ്മ ലീലയും വിവാഹിതയായ സഹോദരിയും അടങ്ങുന്നതാണ്‌ കുടുംബം. 
ചിത്രരചന, ഇന്ദ്രജാലം, കരകൗശലം, അഭിനയം, ആലാപനം, സാഹിത്യം എന്നീ മേഖലകളിലെ മികവിനാണ്‌ ധനലക്ഷ്‌മി ഉജ്വലബാല്യം പുരസ്‌കാരത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. കുട്ടമത്ത്‌ ഗവ. ഹയർസെക്കൻഡറിയിലെ എട്ടാം ക്ലാസ്‌ വിദ്യാർഥിയാണ്‌. മലഞ്ചരക്ക്‌ വ്യാപാരിയായ സി ഡി ബിനോനിയുടെയും സജിനയുടെയും മകളാണ്‌.   ചിത്രകലയിലെ അസാധാരണമികവിനാണ്‌ മാധവ്‌ പുരസ്‌കാരം നേടിയത്‌. അടിമാലി സ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർഥിയാണ്‌. ജയൻ–- മഞ്‌ജു ദമ്പതികളുടെ മകനാണ്‌. മാധവും ധനലക്ഷ്‌മിയും അഭിനയിക്കുന്ന ‘ക്ലാസ്‌ ബൈ എ സോൾജിയർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൂട്ടം പ്രവർത്തകരെ പരിചയപ്പെട്ടിരുന്നു. ഇതാണ്‌ ലയജയുടെയും സിജിയുടെയും ജീവിതത്തിനൊപ്പം നിൽക്കാൻ ഇരുവർക്കും പ്രേരണയായത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top