15 October Tuesday

2,61,775 പേരുടെ കൈകളിലേക്ക്‌ ഓണമെത്തുംമുമ്പേ പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
 
കോട്ടയം
അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ ഓരോ കുടുംബങ്ങളിലേക്കും സർക്കാരിന്റെ പെൻഷൻ തുക എത്തിത്തുടങ്ങി. വിവിധ സാമൂഹ്യ സുരക്ഷാപെൻഷനുകളാണ്‌ ഓണം എത്തും മുമ്പ്‌ വിതരണം തുടങ്ങിയത്‌. മേയ്‌, ജൂൺ, ജൂലൈ എന്നീ   മാസത്തെ തുകയാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുന്നത്‌. 29 മുതൽ പണം പെൻഷൻകാരുടെ അക്കൗണ്ടിൽ എത്തിത്തുടങ്ങി. എൽഡിഎഫ്‌ സർക്കാർ വന്നശേഷം പെൻഷൻ തുക 1200 രൂപയായി വർധിപ്പിച്ചിരുന്നു. 
ബാങ്ക്‌ രേഖകൾ നൽകിയവർക്ക്‌ അക്കൗണ്ട്‌ മുഖേനയും അല്ലാത്തവർക്ക്‌ പോസ്‌റ്റ്‌ഓഫീസ്‌ വഴിയുമാണ്‌ വിതരണം. കർഷകതൊഴിലാളികൾ, വിധവകൾ, വാർധക്യം, വികലാംഗർ, 50 വയസുകഴിഞ്ഞ അവിവാഹിതരായ സ്‌ത്രീകൾ എന്നീ വിഭാഗങ്ങളിലായി ജില്ലയിലാകെ 2,61,775 പേർക്കാണ്‌ ക്ഷേമപെൻഷനുകൾ ലഭിക്കുന്നത്‌. ഇതിൽ 1,66,313 പേർ സ്‌ത്രീകളാണ്‌.  
വാർധക്യകാല പെൻഷൻ ലഭിക്കുന്നവരുടെ എണ്ണമാണ്‌ ജില്ലയിൽ കൂടുതൽ. 149,082 പേർ ഈ പെൻഷൻ കൈപ്പറ്റുന്നു. കർഷകതൊഴിലാളി പെൻഷൻ 30922, വിധവ പെൻഷൻ 56717, വികലാംഗ പെൻഷൻ 21,680, 50 വയസുകഴിഞ്ഞ അവിവാഹിത പെൻഷൻ 3388 എന്നീ ക്രമത്തിലാണ്‌ പെൻഷൻ വാങ്ങുന്നവരുടെ എണ്ണം. സർക്കാർ നേരിട്ട്‌ നൽകുന്ന ഈ ക്ഷേമപെൻഷനുകൾ കൂടാതെ വിവിധ ക്ഷേമനിധി ബോർഡുകൾ മുഖേനയും പെൻഷൻ ലഭിക്കുന്ന ആയിരങ്ങളുണ്ട്‌. ഇവർക്കും 29 മുതൽ പെൻഷൻ വിതരണം ആരംഭിച്ചു. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ക്ഷേമപെൻഷനുകൾ ആറുമാസമോ ഒരുവർഷമോ കുടിശിക വരുത്തുന്നത്‌ പതിവായിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top