20 September Friday
ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ

പോള നീക്കം പാളി; വാങ്ങിയ യന്ത്രം യാർഡിൽതന്നെ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

ജില്ലാ പഞ്ചായത്തിന്റെ കോടിമതയിലെ ഉപയോഗശൂന്യമായ പോളവാരൽ യന്ത്രം

 കോട്ടയം

ജലാശയങ്ങളിലും തോടുകളിലും പോള കുമിഞ്ഞുകൂടിയിട്ടും ജില്ലാപഞ്ചായത്തിന്റെ പദ്ധതി ലക്ഷ്യം തെറ്റി. പോളവാരാൻ ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ യന്ത്രം ഉപയോഗശൂന്യമായതും മിച്ചം.
 കായലോര പഞ്ചായത്തുകളിലും കോട്ടയം നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലും തോടുകളിലും ജലാശയങ്ങളിലും ഇപ്പോഴും പോള നിറഞ്ഞ്‌  ജനജീവിതം ദുസ്സഹമാണ്‌. ജലഗതാഗതത്തെ ബാധിച്ചതിനൊപ്പം ഒഴുക്കുനിലച്ച്‌ മാലിന്യവും നിറഞ്ഞു. തോടുകളിൽ തെളിനീരൊഴുകിയാൽ പല പകർച്ചവ്യാധികളിൽനിന്ന്‌ ജനങ്ങൾ മുക്തരാകും. വാരിമാറ്റിയാലും പോള വേഗം കിളിർത്ത്‌ പൊങ്ങുന്നതിനാൽ തദ്ദേശസ്ഥാപനങ്ങൾക്കെല്ലാം കീറാമുട്ടിയാണ്‌ ഈ പ്രശ്‌നം. ജില്ലാപഞ്ചായത്ത്‌ പോളവാരൽ യന്ത്രം വാങ്ങിയപ്പോൾ പരിഹാരമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ യന്ത്രത്തിന്റെ ഉദ്‌ഘാടനം കെങ്കേമമായി നടത്തിയതല്ലാതെ ഇത്‌ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്‌ ജില്ലാപഞ്ചായത്ത്‌ അധികാരികൾ  മറന്നു. ആവശ്യക്കാർ വന്നാൽ യന്ത്രം കൊടുക്കുമെന്നല്ലാതെ ജനങ്ങളെയാകെ ബാധിക്കുന്ന ഒരു പ്രശ്‌നമായിട്ടും ക്രിയാത്മകമായി പ്രവർത്തിക്കാൻ ജില്ലാപഞ്ചായത്തിന്‌ കഴിഞ്ഞിട്ടില്ല. 
   48 ലക്ഷം രൂപ ചെലവഴിച്ച്‌ ഒരു വർഷം മുമ്പാണ്‌ പോളവാരൽ  യന്ത്രം വാങ്ങിയത്‌. ഏതാനും ദിവസം കോട്ടയം നഗരപ്രദേശത്തും തിരുവാർപ്പിലും യന്ത്രം ഉപയോഗിച്ച്‌  പോള വാരിമാറ്റി. പിന്നീട്‌ ആവശ്യക്കാരില്ലാത്തതിനാൽ യന്ത്രം വെള്ളത്തിൽതന്നെ കിടന്നു. യന്ത്രം നിർമിച്ചുകൊടുത്ത കേളചന്ദ്ര എൻജിനിയേഴ്--സിന്റെ കോടിമതയിലെ യാർഡിലാണ്‌ ഇപ്പോൾ  സൂക്ഷിക്കുന്നത്‌. സംസ്ഥാനത്ത്‌ തന്നെ കേളചന്ദ്രയാണ്‌ ഇത്തരം യന്ത്രം വ്യവസായ അടിസ്ഥാനത്തിൽ നിർമിക്കുന്നത്‌. വിദേശത്തേക്കും ഇവർ യന്ത്രം കയറ്റി അയയ്‌ക്കുന്നുണ്ട്‌. മറ്റെങ്ങും ഇടാൻ സൗകര്യമില്ലാത്തതിനാൽ  ഇവരുടെയാർഡിൽ തന്നെ യന്ത്രം സൂക്ഷിക്കാൻ അധികൃതർ നിർദേശം നൽകി. ആവശ്യക്കാർ വന്നാൽ ഇവിടെനിന്ന്‌ ജലമാർഗം കൊണ്ടുപോകാം. വാഹനത്തിൽ കൊണ്ടുപോകണമെങ്കിൽ ക്രയിൻ സൗകര്യമുൾപ്പെടെ കരുതേണ്ടി വരും. മണിക്കൂറിന്‌ 1500 രൂപ വാടക ഈടാക്കിയാണ്‌ യന്ത്രം ജില്ലാപഞ്ചായത്ത്‌ നൽകുന്നത്‌. യന്ത്രം പ്രവർത്തിപ്പിക്കാനുള്ള ഡീസലും വാങ്ങി നൽകണം. യന്ത്രം ഓടിക്കാൻ ലൈസൻസുള്ളവരെ നിയോഗിച്ചിട്ടുമുണ്ട്‌.  ഉരുക്കിൽ നിർമിച്ച മൂന്നര ടൺ ഭാരമുളള യന്ത്രം ഉപയോഗിച്ച്- മണിക്കൂറിൽ ആറ് ടൺ പോള വരെ വാരാം-.  എന്നാൽ ഇത്തരമൊരു സംവിധാനം പ്രയോജനപ്പെടണമെങ്കിൽ പൊതുജനങ്ങളും  തദ്ദേശസ്ഥാപനങ്ങളും യന്ത്രം കൊണ്ടുപോകണം. ലക്ഷങ്ങൾ ചെലവഴിച്ച്‌ യന്ത്രം വാങ്ങിയതല്ലാതെ  ഇത്‌ നാടിന്‌ പ്രയോജനപ്പെടണമെന്ന്‌ ജില്ലാപഞ്ചായത്ത്‌ ഭരണനേതൃത്വവും ആഗ്രഹിക്കുന്നില്ല.
 
 
പ്രധാന വാർത്തകൾ
 Top