25 May Saturday

റെയിൽവേ ശുചീകരണ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

 കോട്ടയം

കഴിഞ്ഞ മൂന്ന് മാസമായി കൂലി നൽകാത്തതിൽ പ്രതിഷേധിച്ച് റെയിൽവേ ശുചീകരണ തൊഴിലാളികൾ സ്റ്റേഷനുമുന്നിൽ അനിശ്ചിതകാല സമരം തുടങ്ങി. 370 രൂപയാണ് തൊഴിലാളികൾക്ക് ഒരു ദിവസത്തെ കൂലി. കഴിഞ്ഞ മെയ്, ജൂൺ, ജൂലൈ മാസങ്ങളിലായി ഇവർക്ക് കോൺട്രാക്ടർ കൂലി നൽകിയിട്ടില്ല. 35 തൊഴിലാളികളാണ് കൂലി ലഭിക്കാത്തതിനെ തുടർന്ന് ദുരിതത്തിലായത്. ഇവരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. 
    ഉത്തർപ്രദേശ് സ്വദേശിയും ബിജെപിയുടെ പ്രാദേശിക നേതാവുമായ കോൺട്രാക്ടറെ കൂലി നൽകണമെന്നാവശ്യപ്പെട്ട് സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് നോട്ടീസ് നൽകി തൊഴിലാളികൾ സമരം നടത്തുകയായിരുന്നു. റെയിൽവേ ബില്ല് മാറി നൽകാത്തതിനെ തുടർന്നാണ് കൂലി നൽകാനാവാത്തതെന്നാണ് കോൺട്രാക്ടറുടെ വാദം. തൊഴിലാളികൾക്ക് കൂലി നൽകാൻ സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സെൻട്രൽ ലേബർ കമീഷൻ, ജില്ലാ ലേബർ ഓഫീസർ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സിഐ,  സ്റ്റേഷൻ മാനേജർ എന്നിവർക്ക് കത്ത് നൽകി.  റെയിൽവേ കാറ്ററിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയ(സിഐടിയു) ന്റെ നേതൃത്വത്തിൽ രാവിലെ 10 ന് ആരംഭിച്ച സമരം സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു.റെയിൽവേ കാറ്ററിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി ഐ ബോസ്, സെക്രട്ടറി എ പി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top