Deshabhimani

ജില്ലയിൽ മൂന്നിടത്ത്‌ തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 01:21 AM | 0 min read

കോട്ടയം
പഞ്ചായത്തുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ ചൊവ്വാഴ്‌ച നടക്കും. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറ്‌ വരെയാണ്‌ വോട്ടെടുപ്പ്‌. ജില്ലയിൽ മൂന്നിടത്താണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ചെമ്പ് പഞ്ചായത്തിലെ ഒന്നാംവാർഡ്(കാട്ടിക്കുന്ന്), വാകത്താനം പഞ്ചായത്തിലെ പതിനൊന്നാം വാർഡ്(പൊങ്ങന്താനം), പനച്ചിക്കാട് പഞ്ചായത്തിലെ ഇരുപതാം വാർഡ്(പൂവൻതുരുത്ത്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. 
വോട്ട് രേഖപ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്ന് തെരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസ കാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇത്തവണ ഇടതു കൈയിലെ ചൂണ്ടുവിരലിനുപകരം ഇടതു കൈയിലെ നടുവിരലിലാണ്‌ മഷി പുരട്ടുക. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി ചിലരുടെ പൂർണമായി മാഞ്ഞുപോയിട്ടില്ലാത്തതിനാലാണ്‌  ഈ നടപടി.
ചെമ്പ്‌ ഒന്നാം വാർഡിൽ സിപിഐ എമ്മിലെ നിഷ വിജുവാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. പനച്ചിക്കാട്‌ പഞ്ചായത്ത്‌ 20ാം വാർഡിൽ സിപിഐ എമ്മിലെ ജെസ്സി ജയിംസും വാകത്താനം പഞ്ചായത്ത്‌ 11ാം വാർഡിൽ കേരള കോൺഗ്രസ്‌ എമ്മിലെ ബവിത ജോസഫുമാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ. ചെമ്പിൽ യുഡിഎഫിനു വേണ്ടി കവിതാ ഷാജിയും എൻഡിഎയ്‌ക്ക്‌ വേണ്ടി സിന്ധു മുരളിയും മത്സരിക്കുന്നു. പനച്ചിക്കാട്ട്‌ മഞ്‌ജു രാജേഷ്‌ യുഡിഎഫിനു വേണ്ടിയും അശ്വതി രാജേഷ്‌ എൻഡിഎയ്‌ക്ക്‌ വേണ്ടിയും മത്സരിക്കുന്നു. വാകത്താനത്ത്‌ സജിനി മാത്യു യുഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിക്കുന്നു. സുമ നാങ്കുളത്ത്‌ ആണ്‌ എൻഡിഎ സ്ഥാനാർഥി.


deshabhimani section

Related News

View More
0 comments
Sort by

Home