22 November Friday

തമിഴ്‌നാട്ടിലെ ഉത്സവത്തിൽ സ്‌റ്റാറായി കോട്ടയത്തെ ചക്ക

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019
കറുകച്ചാൽ 
തമിഴ്‌നാട്‌ മാളിയപുരം ഉത്സവ വിപണിക്ക്‌ രുചികൂട്ടുന്നത്‌ കോട്ടയത്തു നിന്നുള്ള ചക്ക. തേനിയിൽ നിന്നും 100 കിലോമീറ്റർ ദൂരെയു ള്ള മാളിയപുരം കറുപ്പസ്വാമി ക്ഷേത്രത്തിലെ ഉത്സവവാണിഭത്തിന് ജില്ലയിലെ വിവിധ പ്രദേശത്തു നിന്നാണ്‌ ചക്ക എത്തുന്നത്‌. കറുപ്പസ്വാമി ക്ഷേത്രത്തിലെ മൂന്നു ദിവസം നീളുന്ന ഉത്സവം ബുധനാഴ്‌ച ആരംഭിക്കും. 
  ഉത്സവ വിപണിയിൽ ഏറ്റവും അധികം വിൽപ്പന നടക്കുന്ന വിഭവം ചക്കയാണന്ന്‌ കട്ടപ്പന ആനകുത്തി സ്വദേശി ജയപാൽ പറഞ്ഞു. ജയപാലും സഹോദരൻമാരുമാണ് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ചക്ക ശേഖരിക്കുന്നത്. നെടുംകുന്നം, കറുകച്ചാൽ, മല്ലപ്പള്ളി, തോട്ടക്കാട്, തെങ്ങണ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന്‌ കഴിഞ്ഞ 10 വർഷമായി ചക്കകൾ ശേഖരിച്ച്‌ മാളിയപുരം ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിക്കുന്നു. ഇവർ മാത്രമല്ല, മാളിയപുരത്ത്‌ ചക്കക്കച്ചവടം നടത്തുന്ന വേറെയും ആളുകളുണ്ട്‌. പഴുത്ത ചക്കക്കാണ് ഡിമാൻഡ്‌ ഏറെ.   ജയപാലും സഹോദരങ്ങളും ജനുവരിയോടു കൂടിയാണ്‌ നാട്ടിലെത്താറ്‌. തുടർന്ന്  കൊത്ത ചക്ക ശേഖരിച്ചു പെരുമ്പാവൂർ, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുചെന്ന്‌ വിൽപ്പന നടത്തും. ജൂലൈ വരെ ഇവർ നാട്ടിൽ നിന്നും ചക്ക ശേഖരിച്ച് തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ വിൽപ്പനക്കായി എത്തിക്കും. ഒരു വർഷത്തെ ചക്ക കച്ചവട സീസൺ അവസാനിക്കുന്നത് മാളിയപുരം ക്ഷേത്ര ഉത്സവത്തോടു കൂടിയാണന്ന്‌ ജയപാൽ പറയുന്നു.
 
 
പ്രധാന വാർത്തകൾ
 Top